പഞ്ചായത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം
തളിപ്പറമ്പ്: ജനവാസ കേന്ദ്രത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ ജനങ്ങള്‍ പഞ്ചായത്ത് അധികാരികളെ തടഞ്ഞു. തളിപ്പറമ്പ്-പരിയാരം ദേശീയപാതയില്‍ കുപ്പം വളവിലാണ് ബുധനാഴ്ച രാത്രി കക്കൂസ് മാലിന്യം തള്ളിയത്. ദേശീയപാതയില്‍ നിന്നു മുപ്പതടിയോളം താഴ്ചയില്‍ ജനവാസ കേന്ദ്രത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുകിയെത്തിയതോടെ ജനജീവിതം ദുരിതത്തിലായി. ഇതിനു സമീപത്തുള്ള കുപ്പം സി.എച്ച് നഗറിലെ എം. അബ്ദുല്ലയുടെ വീടിന് പുറകില്‍ കൂടി രണ്ടാഴ്ച മുമ്പ് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടിരുന്നു. വീട്ടിലുള്ളവര്‍ മാറിതാമസിക്കേണ്ട അവസ്ഥയായിരുന്നു. പഞ്ചായത്ത് അധികാരികള്‍ക്കും പൊലിസിനും പരാതി നല്‍കിയിരുന്നു.
അധികൃതരുടെ ഭാഗത്തുനിന്നു നടപടികള്‍ ഇല്ലാതിരിക്കുകയും മാലിന്യ നിക്ഷേപം തുടരുകയും ചെയ്തതോടെ പൊറുതിമുട്ടിയ നാട്ടുകാര്‍ പരിയാരം പഞ്ചായത്തും പരിയാരം പി.എച്ച്.സിയും സംയുക്തമായി നടത്തിയ ആരോഗ്യ ശുചിത്വ സന്ദേശയാത്ര മാലിന്യം ഒഴുക്കിവിട്ട സ്ഥലത്തുവച്ച് തടയുകയായിരുന്നു. ശുചിത്വ ബോധവല്‍ക്കരണ യാത്രയുടെ വാഹനങ്ങള്‍ തടഞ്ഞതോടെ ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പരിയാരം പൊലിസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
പഞ്ചായത്ത് അധികാരികളും പൊലിസും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്തദിവസം തന്നെ പരിയാരം പഞ്ചായത്തില്‍ ദേശീയപാത കടന്നുപോകുന്ന വാര്‍ഡുകളിലെ മെമ്പര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊലിസും നാട്ടുകാരും യോഗം ചേരാന്‍ തീരുമാനിച്ചു.
മാലിന്യം തള്ളലിനെതിരേ ജനങ്ങള്‍ പ്രകടിപ്പിച്ച വികാരം മാനിക്കുന്നുവെന്നും ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് അധികാരികളെ ഉപരോധിച്ചത്. പാതയോരത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും ഇതുവഴി സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കണമെന്നും രാത്രികാല നിരീക്ഷണത്തിന് നാട്ടുകാരുടെ സ്‌ക്വാഡ് രൂപീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."