മുട്ടത്തറ സ്വീവേജ് ലൈന്‍ നിര്‍മാണം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും
കഴക്കൂട്ടം: മുട്ടത്തറ സ്വീവേജ് ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുന്നതിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റെയും, മാത്യു ടി. തോമസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും സ്വീവേജ് ലൈനിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഇടപെടല്‍. ഉള്ളൂര്‍ പ്രശാന്ത് നഗര്‍, ആക്കുളം റോഡില്‍ ജന്റം പദ്ധതി പ്രകാരം 18 കി.മീ. ദൂരം പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചാര്‍ജ്ജ് ചെയ്തിട്ടില്ല. ഈ പൈപ്പ് ലൈനുകള്‍ ചാര്‍ജ്ജ് ചെയ്ത് എലങ്കന്‍വിള റോഡ്, ബ്രീസ് എന്‍ക്ലേവ് റോഡ്, മഞ്ചാടി റോഡ്, ശ്രീകൃഷ്ണ നഗര്‍, പുലയനാര്‍കോട്ട റോഡ്, ശ്രീനാരായണ നഗര്‍ റോഡ്, ലക്ഷ്മി നഗര്‍, പ്രശാന്ത് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍, ഉള്ളൂര്‍ ദാസി നഗര്‍ റോഡ്, നീരാഴി ലൈന്‍ റോഡ്, ശ്രീനാരായണഗുരു ആര്‍.എ. റോഡ്, ശിവശക്തി നഗര്‍, ഉള്ളൂര്‍പ്രശാന്ത് നഗര്‍, ആക്കുളം റോഡ്, എന്നീ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
ഉള്ളൂര്‍ ജങ്ഷനിലെ ഇന്റര്‍കണക്ഷന്‍ വര്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി. ഉള്ളൂര്‍ പ്രശാന്ത്‌നഗര്‍ റോഡില്‍ ട്രാന്‍സ്‌ഫോര്‍മറിനടുത്തായി പൈപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി നിര്‍വഹിക്കേണ്ട കമ്പനി ഈ റോഡിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വാങ്ങിയ സാഹചര്യത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
കഴിഞ്ഞ ബജറ്റില്‍ കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 10 കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക വിനിയോഗിച്ച് ഞാണ്ടൂര്‍കോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കൊടിക്കുന്നില്‍ കുടിവെള്ള സംഭരണി സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. നരിക്കല്‍ പുല്ലാന്നിവിള റോഡില്‍ (ഉള്ളൂര്‍ക്കോണം) വാട്ടര്‍ ടാങ്കിന്റെ മുഴുവന്‍ പണികളും പൂര്‍ത്തീകരിക്കുകയും വിതരണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ ആറ്റിങ്ങല്‍ സെക്ഷനില്‍ നിന്നും വെള്ളം ലഭിക്കാത്തതുകാരണം ടാങ്കും വിതരണ പൈപ്പുകളും ചാര്‍ജ്ജ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുള്ള നടപടികള്‍ രണ്ട് ആഴ്ചക്കുള്ളില്‍ സ്വീകരിക്കാന്‍ മന്ത്രി തലയോഗം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."