HOME
DETAILS
MAL
ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍, വിജ്ഞാപനം പുറപ്പെടുവിച്ചു
backup
November 12 2020 | 03:11 AM
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളെയും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പൈം, ഡിസ്‌നി പ്ലസ്, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദ ടോപ് (ഒ.ടി.ടി) വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെയും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു.
ഇവയെ കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഇവയിലെ വെബ്‌സീരീസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉള്ളടക്കം നിയന്ത്രിക്കാനും നിരീക്ഷണമേര്‍പ്പെടുത്താനും സര്‍ക്കാരിന് കഴിയും.
ഡിജിറ്റല്‍, സാമൂഹ്യ മാധ്യമങ്ങളുടെ ഗണത്തില്‍ വരുന്നതിനാല്‍ നിലവില്‍ രാജ്യത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് നിയമമില്ല.
ഈ സാഹചര്യത്തിലാണ് ഇവയെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ സിനിമ, ഓഡിയോവിഷ്വല്‍ പരിപാടികള്‍, വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവയെല്ലാം ഇനി കേന്ദ്രത്തിനു നിരീക്ഷിക്കാം. അതേസമയം, നിയന്ത്രണങ്ങള്‍ ഏതു തരത്തില്‍ ഏര്‍പ്പെടുത്തുമെന്നത് ഇപ്പോഴും വ്യക്തമല്ല.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു നിലവില്‍ സുപ്രിം കോടതിയില്‍ ഹരജിയുണ്ട്. ഇതില്‍ കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയതിനു പിന്നാലെയാണു വിജ്ഞാപനമിറക്കിയത്.
ഒ.ടി.ടി കമ്പനികള്‍ക്കു സ്വയം നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(ഐ.എ.എം.എ.ഐ) നേതൃത്വത്തില്‍ സെപ്റ്റംബറില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതു തള്ളിയിരുന്നു.
15 ഒ.ടി.ടി കമ്പനികളുടെ പിന്തുണയോടെയായിരുന്നു ഐ.എ.എം.എ.ഐയുടെ ഇടപെടല്‍. വ്യാജവാര്‍ത്ത, വിദ്വേഷ, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയവ തടയുകയാണു ലക്ഷ്യമെന്നാണു പുതിയ വിജ്ഞാപനത്തിന്റെ വിശദീകരണം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വാര്‍ത്തകളും മറ്റും നിരീക്ഷിക്കാന്‍ കേന്ദ്രത്തിനാകുമെന്നും വിലയിരുത്തപ്പെടുന്നു.
പുകയില, മദ്യം ഉപയോഗത്തിന് മുന്നറിയിപ്പ് ചേര്‍ക്കുകയും ഇതിന്റെ ലക്ഷ്യമാണ്. പത്രങ്ങള്‍ക്കു നിയന്ത്രണത്തിനു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ചാനലുകള്‍ക്കു ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍(എന്‍.ബി.എ), പരസ്യങ്ങള്‍ക്കു അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(എ.എസ്.സി.ഐ), സിനിമയ്ക്കു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് എന്നിവ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."