നെല്ലായ മാവുണ്ടിരിക്കടവ് റോഡ് നവീകരണം: കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തം
നെല്ലായ: നെല്ലായ മാവുണ്ടിരിക്കടവ് റോഡിന്റെ റബ്ബറൈസിങ്ങ് പ്രവര്‍ത്തി തുടങ്ങിയെങ്കിലും റോഡിന്റെ പല ഭാഗത്തും പി.ഡബ്ലിയു. ഡി. റോഡിന് ചുരുങ്ങിയത് എട്ട് മീറ്റര്‍ വീതിക്കു വേണ്ടി നിയമാനുസൃതം അക്വയര്‍ ചെയ്ത സ്ഥലം വിട്ടുകൊടുക്കാതെ പല സ്ഥല ഉടമകളും സ്ഥലം കയ്യടക്കി വച്ചിരിക്കയാണ്. വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനോ പ്രശ്‌നത്തില്‍ ഇടപെടാനോ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാവാത്തതിനാല്‍ ഇതു സംബന്ധിച്ച് ആലോചിക്കുന്നതിനും ഭാവി പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ , എല്ലാ രാഷ്ട്രീയ പാര്‍ടികളുടേയും പ്രതിനിധികള്‍, പൗരപ്രമുഖര്‍ എന്നിവരുടെ ഒരു യോഗം നെല്ലായ വായനശാലയില്‍ വിളിച്ചു ചേര്‍ത്തിരുന്നു.
നെല്ലായ വായനശാലയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അവുഞ്ഞിക്കാട് മൊയ്തീന്‍ കുട്ടി (സി.പി.എം.) ചെയര്‍മാനും, നെല്ലായ മൂന്നാം വാര്‍ഡ് മെമ്പര്‍ മേലാടയില്‍ വാപ്പുട്ടി (മുസ്ലിം ലീഗ്) കണ്‍വീനറും മരക്കാര്‍ മാരായമംഗലം, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജനാര്‍ദ്ദനന്‍, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.സിന്ധു, (സി.പി.ഐ) മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.മൊയ്തുട്ടി മാസ്റ്റര്‍, ദിലീപ് പുലിമുഖത്ത് ( സി.പി.ഐ), ബാബു ദാസ് (ബി.ജെ.പി) നെല്ലായ, മൂസ്സ പേങ്ങാട്ടിരി (കോണ്‍ഗ്രസ്) രക്ഷാധികാരികളും കയ്യറ ദിവാകരന്‍ (കോണ്‍ഗ്രസ്) ഖജാന്‍ജിയും, പഞ്ചായത്ത് അംഗങ്ങളായ ദീപക് കുമാര്‍, മൊയ്തുക്കുട്ടി എന്ന മാന, പി.ടി.സന്തോഷ് എ.കെ.മുഹമ്മദുകുട്ടി, വി. ഇന്ദിര, സ്മിത, ചന്ദ്രപ്രഭ, അസ്മിയ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും പൗരപ്രമുഖരും ഉള്‍പ്പെടുന്ന 101 അംഗ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. പാഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഒരു വിഭാഗം സി.പി.എം മെമ്പര്‍മാരും പാര്‍ട്ടി നേതാക്കളും യോഗത്തിനെത്തിയില്ല. ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് 2.30 ന് അരീക്കപ്പടി അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. നാടിന്റെ നന്മയും വികസനവും ആഗ്രഹിക്കുന്ന നല്ലവരായ മുഴുവനാളുകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."