പ്രതിഷേധവുമായി ഹോങ്കോങ് ജനത തെരുവില്‍
ഹോങ്കോങ്: ചീഫ് എക്‌സിക്യൂട്ടീവ് രാജിവയ്ക്കണമെന്നും കുറ്റവാളികളെ കൈമാറുന്ന ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോങ് ജനത വീണ്ടും തെരുവിലിറങ്ങി.
പ്രാദേശിക സമയം ഇന്നലെ രാവിലെ ഹോങ്കോങ്ങിലെ നിയമനിര്‍മാണ സഭയുടെ പുറത്ത് ഒരുമിച്ചുകൂടിയാണ് പ്രതിഷേധം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി പ്രതിഷേധക്കാര്‍ സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സര്‍ക്കാരില്‍നിന്ന് മറുപടിയില്ലാത്തതിനാലാണ് പ്രതിഷേധവുമായി ജനങ്ങള്‍ വീണ്ടും ഇറങ്ങിയത്.
ഉച്ചക്ക് ശേഷം നിയമ നിര്‍മാണ സഭക്ക് സമീപത്തുനിന്ന് പൊലിസ് ആസ്ഥാനത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങി. പ്രതിഷേധത്തില്‍ ജയിലില്‍നിന്ന് കഴിഞ്ഞ ആഴ്ച മോചിതനായ ആക്ടിവിസ്റ്റ് ജോഷ്വാ വോങ്ങുമുണ്ടായിരുന്നു. 2014ല്‍ ജനാധിപത്യ പ്രക്ഷോഭത്തിന് ജോഷ്വാ ഉള്‍പ്പെടെയുള്ള ആക്ടിവസ്റ്റുകളായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. പ്രതിഷേധക്കാരില്‍ ചിലര്‍ ഹോങ്കോങ് റവന്യൂ ടവര്‍, തൊഴില്‍ മന്ത്രാലയം എന്നിവക്ക് മുന്നിലും ഒരുമിച്ചുകൂടിയിരുന്നു.
ബ്രിട്ടന്‍ 1997ല്‍ ഹോങ്കോങ് ചൈനയ്ക്കു കൈമാറിയശേഷം നടന്ന ഏറ്റവും അക്രമാസക്തമായ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്.
ചൈനയുടെ പിന്തുണയുള്ള കാരി ലാം ഭരണകൂടം അവരുടെ താല്‍പര്യ പ്രകാരമാണു ബില്‍ കൊണ്ടുവന്നത്.
ഒട്ടും സുതാര്യവും സ്വതന്ത്രവുമല്ലാത്ത ചൈനീസ് നിയമവ്യവസ്ഥയിലേക്കു മാറുന്നതിന്റെ ആദ്യപടിയായാണു കുറ്റവാളി കൈമാറ്റ ബില്ലിനെ ബ്രിട്ടിഷ് നിയമ സംവിധാനം പിന്തുടര്‍ന്നിരുന്ന ഹോങ്കോങ്ങിലെ ജനം കണ്ടത്.
ചൈനീസ് നിയമവ്യവസ്ഥയില്‍ തങ്ങള്‍ക്കു നീതി ലഭിക്കുമോ എന്ന ആശങ്കയും പ്രക്ഷോഭത്തിന് ഊര്‍ജമേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."