വനസംരക്ഷണസമിതിയുടെ കനിവില്‍ ആദിവാസി കുടുംബത്തിന് ഭവനം
മലമ്പുഴ: കാത്തിരിപ്പിനൊടുവില്‍ വീടും വെളിച്ചമൊന്നിച്ചെത്തിയ ആഹ്ലാദത്തിലാണ് കൃഷ്ണനും കുടുംബവും എലിവാല് വനം സംരക്ഷണസമിതിയും വനംവകുപ്പും ചേര്‍ന്നാണ് മലമ്പുഴ അകമലവാരത്തെ കൊല്ലംകുന്ന് എലിവാല് ആദിവാസികോളനിയിലെ കുടുംബത്തിനു വീടും വെളിച്ചവും എത്തിച്ചത്. ജനിച്ച നാള് മുതല്‍ ഓലക്കുടിലില്‍ കഴിഞ്ഞ കൃഷ്ണനും മക്കള്‍ക്കും വീടെന്ന സ്വപ്നം ഇതോടെ സഫലമായി. ആദിവാസി വിഭാഗത്തില്‍ മുതുക സമുദായക്കാരനായ കൃഷ്ണന് കൂലിപ്പണിക്കാരനാണ്.
സര്‍ക്കാര്‍ സഹായം കിട്ടിയാലും സ്വയം വീട് വയ്ക്കാന്‍ ഇയാള്‍ക്ക് കഴിയില്ലായിരുന്നു. ഈ അവസ്ഥ മനസ്സിലാക്കിയാണ് വനംവകുപ്പും വനസംരക്ഷണസമിതിയും ചേര്‍ന്ന് കൃഷ്ണന് വീട് നിര്‍മിച്ചു നല്കാന് തീരുമാനിച്ചത്. കൃഷ്ണനൊപ്പം സന്തോഷത്തിലാണ് കൊല്ലംകുന്നിലെയും എലിവാലിലെയും ആദിവാസി സമൂഹം. കാരണം കൃഷ്ണന്റെ വീടിനൊപ്പം 16 ആദിവാസിക്കുടിലുകളില്‍ കൂടി വയറിങ് നടത്തി വൈദ്യുതി എത്തിക്കും.
വനം സംരക്ഷണസമിതിയും വനംവകുപ്പ് ഉദ്യോഗസ്ഥരും വയറിങ് നടത്തുന്ന മുറക്ക് കെ.എസ്.ഇ.ബി കണക്ഷന് നല്‍കും. ഇതോടെ പൂര്‍ത്തിയായാല്‍ എലിവാല്, കൊല്ലംകുന്ന് ആദിവാസിമേഖല സമ്പൂര്‍ണ വൈദ്യുതീകരണ പ്രദേശമാകും. ഒലവക്കോട് റെയ്ഞ്ച് ഫോറസ്റ്റ്, റെയ്ഞ്ച് ഓഫിസര്‍ കെ. രാകേഷിന്റെ പിന്തുണയോടെ എലിവാല് വി.എസ്.എസ് സെക്രട്ടറിയും ഡെപ്യൂട്ടി റെയ്ഞ്ച് പോസ്റ്റ് ഓഫിസറുമായ എം. രവികുമാറാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."