ഇന്‍സ്ട്രുമെന്റേഷന്‍ കൈമാറ്റം; കേന്ദ്രത്തിന് നിസ്സംഗതയെന്ന് ആരോപണം
കഞ്ചിക്കോട്: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേരള സര്‍ക്കാരിന് കൈമാറുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി വൈകുന്നതായി ആരോപണം. നവംബര്‍ 30നാണ് ഇന്‍സ്ട്രുമെന്റേഷന്റെ കോട്ട യൂനിറ്റ് പൂട്ടാനും പാലക്കാട് യൂനിറ്റ് കേരളസര്‍ക്കാരിന് കൈമാറാനും കേന്ദ്രമന്ത്രി സഭായോഗം തീരുമാനിച്ചത്. കോട്ട യൂനിറ്റിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും മറ്റ് ബാധ്യതകള്‍ തീര്‍ക്കുന്നതിനും 438 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കി. എന്നാല്‍ തുടക്കം മുതല്‍ വലിയ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന പാലക്കാട് യൂനിറ്റിന് വേണ്ടി കേന്ദ്രം ഒരു രൂപ പോലും അനുവദിച്ചില്ല.
പാലക്കാട്ടെ യൂനിറ്റിലെ ജീവനക്കാരുടെ വിയര്‍പ്പിന്റെ വിലയായിരുന്നു നിരന്തരം നഷ്ടത്തിലായിരുന്ന കോട്ടയൂനിറ്റിലെ ജീവനക്കാരുടെ ജീവിതം. അവര്‍ക്ക് മെച്ചപ്പെട്ട പാക്കേജ് അനുവദിച്ചപ്പോള്‍ അധ്വാനിച്ചവര്‍ അവഗണിക്കപ്പെട്ടു. കേന്ദ്രമന്ത്രിസഭാ തീരുമാനം വന്നപ്പോള്‍ മുതല്‍ വലിയ ആവേശത്തിലായിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ നിരാശരാണ്. നിലവില്‍ പാലക്കാട് യൂനിറ്റിന്റെ ബാധ്യത 122 കോടി രൂപ വരും. ഇതില്‍ വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങളിലെ കുടിശ്ശികയാണ് 4.14 കോടി. ഈ തുക സംബന്ധിച്ച തര്‍ക്കമാണ് കൈമാറ്റം വൈകിക്കുന്നത്.
സ്ഥാപനം ഏറ്റെടുക്കുന്നതിനൊപ്പം ബാധ്യതകള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. ഇക്കാര്യം ലോകസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ഇത് വളരെ ചെറിയ തുകയാണ്. നഷ്ടം വരുത്തിയ കോട്ട യൂനിറ്റിന് 450 കോടി രൂപ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് യൂനിറ്റിന് 50 കോടി രൂപ നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നത് കടുത്ത അനീതിയാണെന്നും എം.പി. പറയുന്നു.
പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ പാലക്കാട് യൂനിറ്റ് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോട്ട യൂനിറ്റാകട്ടെ എക്കാലവും നഷ്ടത്തിലുമായിരുന്നു. മികച്ച പ്രവര്‍ത്തനശേഷിയുള്ള പാലക്കാട്ടെ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും ഇതുമൂലം നിഷേധിക്കപ്പെട്ടു. ഉത്പാദന ലാഭത്തിന്റെയും പ്രവര്‍ത്തനമികവിന്റെയും അടിസ്ഥാനത്തില്‍ പാലക്കാട്ടെ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയ പണം കോട്ട യൂനിറ്റ് നഷ്ടത്തിലായതിന്റെ പേരില്‍ തിരിച്ചു പിടിച്ച സ്ഥിതിയുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."