ഇറാനെ ആക്രമിക്കാന്‍ ട്രംപിന്റെ അനുമതി; അവസാന നിമിഷം പിന്മാറി
വാഷിങ്ടണ്‍: ഡ്രോണ്‍ വെടിവച്ച് വീഴ്ത്തിയതിന് പിന്നാലെ ഇറാനെ ആക്രമിക്കാന്‍ ഉത്തരവിട്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അവസാന നിമിഷം പിന്‍മാറുകയായിരുന്നെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ പറക്കുകയായിരുന്ന തങ്ങളുടെ ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്ന് ഭാഗങ്ങളിലൂടെ തിരിച്ചടിക്കാനുള്ള പദ്ധതികളായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ആക്രമണത്താല്‍ എത്ര ജനങ്ങള്‍ കൊല്ലപ്പെടുമെന്ന് സൈനിക ജനറലിനോട് ചോദിച്ചപ്പോള്‍ 150 എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആക്രമണത്തിന്റെ പത്ത് മിനുട്ട് മുന്‍പ് പിന്‍മാറി. തനിക്ക് തിരക്കൊന്നുമില്ല. യു.എസ് സൈന്യം ലോകത്തില്‍ ഏറ്റവും ഉചിതമായി രീതിയില്‍ മുന്നോട്ട് പോവാന്‍ തയാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇറാന്റെ റഡാര്‍, മിസൈല്‍ യൂനിറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് യു.എസ് സൈന്യം, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ തീരുമാനത്തിലെത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ ആകാശത്തും കപ്പലുകള്‍ അക്രമിക്കാനും സജ്ജമായിരുന്നു. ഇറാനിലേക്ക് ഒരു മിസൈലും തൊടുത്തുവിട്ടിരുന്നില്ല. ആക്രമണത്തിന് തൊട്ട് മുന്‍പാണ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടായത്.സിവിലിയന്‍ അപകടങ്ങള്‍ കുറയ്ക്കാനായി വെള്ളിയാഴ്ച പുലര്‍ച്ചക്ക് മുന്‍പ് ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.
ഇറാനെ ആക്രമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് വ്യാഴാഴ്ച ട്രംപ് കൂടുതല്‍ സമയവും ചെലവഴിച്ചതെന്ന് വാര്‍ത്താ ഏജന്‍സി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ എന്നിവര്‍ ആക്രമണത്തിനായി സമ്മര്‍ദം ചെലുത്തി. എന്നാല്‍ എതിര്‍പ്പുമായി യു.എസ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്‍വാങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ഇറാനെ ആക്രമിക്കാന്‍ യു.എസിന് താല്‍പര്യമില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. യുദ്ധത്തിന് ട്രംപ് ആഗ്രഹിക്കില്ല, എന്നാല്‍ അദ്ദേഹത്തിന് കീഴിലുള്ള തന്‍പ്രമാണിമാരായ ഉദ്യോഗസ്ഥന്മാര്‍ യുദ്ധത്തിന് നിര്‍ബന്ധിക്കുമെന്ന് തങ്ങള്‍ ഭയപ്പെട്ടെന്ന് യു.എസ് സെനറ്റിലെ മുതിര്‍ന്ന അംഗം ചക്ക് ഷൂമര്‍ പറഞ്ഞു. പരിധി ലംഘിച്ച് പറന്ന യു.എസ് നിര്‍മിത ആര്‍.ക്യു 4 ഗ്ലോബല്‍ ഹോക്ക് ഡ്രോണ്‍ ആണ് ഇറാന്‍ കഴിഞ്ഞ ദിവസം വെടിവച്ചിട്ടത്. ഹോര്‍മൂസ് കടലിടുക്കിന് മുകളിലൂടെ പറന്ന ഡ്രോണാണ് വെടിവച്ചിട്ടതെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡ് ഇന്‍ ചീഫ് മജഗന്‍ ഹുസൈന്‍ സലാമി പറഞ്ഞു.
എന്നാല്‍ ഡ്രോണ്‍ വെടിവച്ചിട്ടതിലൂടെ ഇറാന്‍ വലിയ തെറ്റാണ് ചെയ്തതെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ തകര്‍ത്ത ഡ്രോണിന്റെ ചിത്രങ്ങള്‍ ഇറാന്‍ ഇന്നലെ പുറത്തുവിട്ടു. യു.എസ് വ്യോമ പാത ലംഘിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി ഇന്നലെ വ്യക്തമാക്കി. ഇതിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംയമനം പാലിക്കണമെന്ന് ലോക നേതാക്കള്‍
ലണ്ടന്‍: ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലുണ്ടായ യുദ്ധാന്തരീക്ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോക നേതാക്കള്‍. ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചെന്നുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയത്.
ഇറാനെതിരേ യു.എസ് അപകടകരമായ സമ്മര്‍ദം ചെലുത്തുകയാണെന്നും യുദ്ധാന്തരീക്ഷമുണ്ടാക്കുകയാണെന്നും റഷ്യ ആരോപിച്ചു. മേഖലയില്‍ സംഘഷമുണ്ടാക്കുന്നത് വന്‍ അപകടത്തിലേക്കാണ് നയിക്കുകയെന്ന് റഷ്യന്‍ വിദേശകാര്യ സഹ മന്ത്രി സെര്‍ജി റെബ്‌കോവ് പറഞ്ഞു.
ഇരു രാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കണമെന്ന് തങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് യു.കെ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
യു.എസിനും ഇറാനും ഇടയില്‍ ചര്‍ച്ച ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസിന്റെ വക്താവ് അലസ്സാന്ദ്ര വെല്ലൂസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."