രണ്ടാംസ്ഥാനം നേടിയ കേരള ടീമിന് പഞ്ചായത്തിന്റെ വക വെങ്കലമെഡല്‍
കൊടകര: ആന്ധ്രപ്രദേശിലെ ഗുണ്ടുരില്‍ 15, 16 ദിവസങ്ങളില്‍ നടന്ന സൗത്ത് സോണ്‍ അത്ലറ്റിക് മീറ്റില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന് മറ്റത്തൂര്‍ പഞ്ചായത്തിന്റെ വക ഒരു വെങ്കല മെഡലും.
സ്റ്റീപ്പിള്‍ ചെയ്സില്‍ വെങ്കലം നേടിയ അനഘ സത്യനാണ് സംസ്ഥാനത്തിന്റെ അത്ലറ്റിക് മെഡല്‍ ചരിത്രത്തില്‍ മറ്റത്തൂരിന്റെ പേര് കൂടി എഴുതി ചേര്‍ത്തത്. സെപ്റ്റംബര്‍ 15നായിരുന്നു അനഘ ട്രാക്കില്‍ ഇറങ്ങിയത്. കൊല്ലത്ത് സ്പോര്‍ട്സ് സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അനഘ 2017 ലും 2018 ലും തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് യൂത്ത് മീറ്റില്‍ ഇതേ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
സൗത്ത് സോണ്‍ മീറ്റിലെ മെഡല്‍ നേട്ടത്തോടെ പുതുക്കാട് നിയോജക മണ്ഡലത്തിന്റെ തന്നെ ചരിത്രത്തില്‍ ദേശീയ തലത്തില്‍ വ്യക്തിഗത ഇനത്തില്‍ ഒരു മെഡല്‍ നേടുന്ന ആദ്യത്തെ വനിതയായി അനഘ മാറുകയും ചെയ്തു. 16ന് മീറ്റ് അവസാനിച്ചപ്പോള്‍ തമിഴ്നാടിനു പുറകില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോടാലിയില്‍ ആശുപത്രി ജങ്ഷനില്‍ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ സത്യന്റേയും സ്മിതയുടെയും മൂത്ത മകളാണ് അനഘ. അച്ഛന് സത്യന് ആരോഗ്യ വകുപ്പില്‍ മുപ്ലിയം പി.എച്ച്.സി യില്‍ നഴ്സിങ് അസിസ്റ്റന്റ് ആണ്.
ഏഴാം ക്ലാസ് വരെ കോടാലിയില്‍ സ്വകാര്യ സ്കൂളില്‍ പഠിച്ച അനഘ തുടര്‍ന്ന് പത്ത് വരെ മലപ്പുറം ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് പഠിച്ചത്. സ്പോര്‍ട്സില്‍ ഉള്ള താല്പര്യമായിരുന്നു സ്കൂള്‍ മാറ്റത്തിന് പിന്നില്‍. ആദ്യം 400 മീറ്റര്‍, 800 മീറ്റര്‍ സ്പ്രിന്റ് ഇനങ്ങളില്‍ ശ്രദ്ധിച്ചിരുന്ന അനഘ ഇനം മാറിയതിന്റെ പുറകില്‍ ദീര്‍ഘ ദൂര ഇനങ്ങളോടുള്ള താല്പര്യവും ഐഡിയല്‍ സ്കൂളിലെ കോച്ചിന്റെ ഉപദേശവുമായിരുന്നു. അനഘയുടെ അനുജനും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ അര്‍ജുനും സ്പോര്‍ട്സില്‍ താല്പര്യമുള്ളയാളാണ്.
ഏഴാം ക്ലാസ് വരെ കോടാലിയില്‍ സ്വകാര്യ സ്കൂളില്‍ പഠിച്ചിരുന്ന അര്ജുന് ഇപ്പോള്‍ മലപ്പുറം സ്പെഷല്‍ പൊലിസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."