അച്ഛന്‍ അറസ്റ്റില്‍;അമ്മ ആത്മഹത്യ ചെയ്തു,പന്ത്രണ്ടുവയസുകാരന്‍ ചൈല്‍ഡ് ലൈന്‍ സംരക്ഷണയില്‍
ഇടുക്കി: മാല മോഷ്ടിച്ച കേസില്‍ പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാതാവ് ജീവനൊടുക്കിയത് അറിയാതെ പന്ത്രണ്ടുകാരനായ മകന്‍. അയ്യപ്പന്‍കോവില്‍ ആലടിയില്‍ വാടകയ്ക്കു താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടില്‍ സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യ ബിന്ദു(40) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
അതേ സമയം മരണവിവരം അറിയാതെ സമീപത്തെ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്ന മകനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.ഇവരുടേത് പ്രണയവിവാഹമായതിനാല്‍ ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ല. ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ ഏറ്റെടുത്തത്.
കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പൊന്‍കുന്നം പൊലീസ് സജുവിനെ
തെളിവെടുപ്പിനായി ചൊവ്വാഴ്ച ഏലപ്പാറയില്‍ എത്തിച്ചിരുന്നു.
പൊലീസ് പോയ ഉടന്‍ മകനെ ടിവി കാണാന്‍ ഇരുത്തി ബിന്ദു മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു. ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ മകന്‍ അയല്‍വീട്ടിലെത്തി വിവരം പറഞ്ഞു. അയല്‍വാസികളാണ് തൂങ്ങി മരിച്ച നിലയില്‍ ബിന്ദുവിനെ കണ്ടെത്തിയത്. റിമാന്‍ഡില്‍ കഴിയുന്ന സജുവിനെ ഇന്ന് മൃതദേഹം കാണിക്കും. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."