യുവാവിനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്ക് ആറേകാല്‍ വര്‍ഷം കഠിനതടവും പിഴയും
തൃശൂര്‍: വിവാഹാലോചന നടത്തിയതിന് യുവാവിനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ആറേകാല്‍ വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും.
യുവതിക്ക് വിവാഹാലോചന നടത്തുന്നതറിഞ്ഞ് ആലോചന നടത്തിയ യുവാവിനെയും, സഹോദരനെയും, മാതാവിനെയും വീട്ടില്‍ കൂട്ടുകാരുമൊത്ത് അതിക്രമിച്ചു കയറി ബലമായി തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പീച്ചി മയിലാടുംപാറ സ്വദേശികളായ കിഴക്കേത്തറ വീട്ടില്‍ ജിജില്‍ , പുളിങ്കുന്നേല്‍ വീട് ക്ലിന്‍സ് , തടത്തില്‍വീട്ടില്‍ ജില്‍ജിത്ത് , മടത്തുംപാറ മത്തായി എന്ന എല്‍ദോസ് എന്നി നാലു പ്രതികളെ വിവിധ വകുപ്പുകളിലായി ആറ് വര്‍ഷവും മൂന്ന് മാസവും കഠിന തടവിനും, 30,000 രൂപ പിഴയ്ക്കും തൃശ്ശൂര്‍ രണ്ടാം അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് സി. മുജീബ് റഹ്മാന്‍ ശിക്ഷ വിധിച്ചു.
2012 ഏപ്രില്‍ 19 വൈകിട്ട് ഏഴ് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ യുവാവിന്റെ മയിലാടുംപാറയിലുള്ള വീട്ടിലേക്ക് വാളും, ഇരുമ്പുപൈപ്പും കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് എത്തിയത്.
യുവതിയെ ഏകപക്ഷീയമായി പ്രണയിച്ച പ്രതികളിലൊരാള്‍ വിവാഹം തടസപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വിവാഹമാലോചിച്ച യുവാവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും അത് തടയാന്‍ ശ്രമിച്ച സഹോദരനെയും, മാതാവിനെയും വാളുകൊണ്ട് തലയ്ക്കും, കഴുത്തിനും വെട്ടിപരിപ്പിക്കേല്‍പിക്കാന്‍ ശ്രമിക്കുകയുമാണുണ്ടായത്.
വെട്ടുന്നത് കൈകൊണ്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനും, രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനും കൈകള്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. സഹോദരന്റെ കൈവിരലുകള്‍ മുറിഞ്ഞു തൂങ്ങിയിരുന്നു.
തടയാന്‍ ശ്രമിച്ച യുവാവിന്റെ മാതാവിനെയും പ്രതികള്‍ കൈയേറ്റം ചെയ്യുകയുണ്ടായി. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 1 മുതല്‍ 12 വരെ രേഖകളും, രണ്ടു തൊണ്ടി മുതലുകളും തെളിവിലേക്കായി മാര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു.
യുവതിയെ വിവാഹമാലോചിച്ച കാരണത്താല്‍ ഒരു വ്യക്തിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ക്രൂരവും, പ്രാകൃതവുമാണെന്നും, പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എന്‍. വിവേകാനന്ദനും അഡ്വക്കറ്റുമാരായ കെ.എം. ശ്രീജിത്ത്, പൊന്നി രാമകൃഷ്ണന്‍, പൂജാ വാസുദേവന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."