അധികാരത്തിലുള്ളവര്‍ ഗൗരിയമ്മയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു: പിണറായി
ആലപ്പുഴ: അധികാര സ്ഥാനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഏതു വിഷയത്തിലും ഗൗരിയമ്മക്ക് എന്താണു പറയാനുള്ളതെന്ന് അധികാരത്തില്‍ ഉള്ളവര്‍ കാതോര്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരിയമ്മയുടെ അഭിപ്രായം ആരാഞ്ഞ് അതു നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ആര്‍ ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷവും ജന്മശതാബ്ദി സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുമായി ബന്ധപ്പെട്ട ഏതു വിഷയത്തില്‍ ഗൗരിയമ്മ എന്തു പറയുമ്പോഴും അതില്‍ ഒരു ശരിയുണ്ടാകും. അനുഭവത്തിന്റെ സത്യമുണ്ടാകും. ജനങ്ങള്‍ക്കും നാടിനും ഗുണപ്രദമാവുന്നതേ ഗൗരിയമ്മ സാമൂഹ്യ വിഷയങ്ങളില്‍ പറയൂ എന്നതു കൊണ്ടാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുഭവങ്ങളെ മനസില്‍വച്ച് ഭാവിയെ കുറിച്ച് അഭിപ്രായം പറയാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇവിടെയാണ് ഗൗരിയമ്മയുടെ പ്രസക്തി നാം കൂടുതല്‍ തിരിച്ചറിയുന്നത്. അതുകൊണ്ടാണ് ഗൗരിയമ്മയുടെ അഭിപ്രായങ്ങള്‍ക്കു നാം എപ്പോഴും കാതോര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൗരിയമ്മ നടത്തിയത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീര്‍ഥയാത്രയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രം കൂടിയാണ്. കേരളത്തെ സ്വാധീനിച്ച പുരുഷന്മാര്‍ ഒട്ടേറെയുണ്ടാവും. കേരളത്തെ സ്വാധീനിച്ച സ്ത്രീ ആരെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ ഗൗരിയമ്മയെന്ന് മലയാളികള്‍ പറയും.
കേരളത്തിന് അഭിമാനകരമായ ദിനമാണ് ഗൗരിയമ്മയുടെ പിറന്നാള്‍ ദിനം. വനിതാ കമ്മിഷന്‍ ഗൗരിയമ്മയുടെ 'ബ്രെയിന്‍ ചൈല്‍ഡ് ' ആണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."