കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി എക്‌സറേ യൂണിറ്റ്: 32.50 ലക്ഷം അനുവദിച്ചു
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജിലേക്ക് കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫിയോടുകൂടിയ പുതിയ എക്‌സറേ യൂണിറ്റ് അനുവദിച്ചതായി പി.കെ ബിജു എം.പി അറിയിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ 32.50 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.
എക്‌സറേ എടുക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മറികടക്കുന്നതിനാണ് എം.പിയുടെ ഇടപെടല്‍. നിലവില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാണ് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ എക്‌സറേ എടുക്കുന്നത്.ഇതിന് ശേഷം ഒ.പി സമയത്തിനുള്ളില്‍ ഡോക്ടറെ കാണുന്നതിനും, ചികിത്സ നടത്തുന്നതിനും കഴിയുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു.
രോഗം നിര്‍ണ്ണയിച്ച് ചികിത്സ ആരംഭിക്കുന്നതിനായി വിദൂര സ്ഥലങ്ങളില്‍ നിന്ന് വരുന്ന രോഗികള്‍ ഉള്‍പ്പെടെ അടുത്ത ദിവസം ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സക്ക് എത്തേണ്ട ദുരിതവും നിലനിന്നിരുന്നു. ഇത് മനസിലാക്കിയാണ് എം.പി 500 എം.എ കപ്പാസിറ്റിയുള്ള കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫിയോടുകൂടിയ പുതിയ എക്‌സറേ യൂണിറ്റ് വാങ്ങുന്നതിനാവശ്യമായ തുക അനുവദിച്ചത്.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് സേവനം നല്‍കി തിരക്ക് നിയന്ത്രിക്കാന്‍ മികച്ച ഗുണനിലവാരം ഉറപ്പാക്കാനും ഇതോടെ കഴിയും. വാര്‍ഡില്‍ കിടക്കുന്നവരും, ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്നവരും ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ദിനംപ്രതി 500 ന് മേല്‍ രോഗികളാണ് എക്‌സറേ എടുക്കാന്‍ എത്തുന്നത്. ഒരു ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ്, രണ്ട് മുറികളിലായി പോര്‍ട്ടബിള്‍ എക്‌സറേ യൂണിറ്റുകള്‍ എന്നിവയാണ് മെഡിക്കല്‍ കോളേജില്‍ നിലവിലുള്ളത്. പ്രത്യേക പരിശോധനക്കായി ഫ്‌ളൂറോ സ്‌കോപ്പി യൂണിറ്റും നിലവിലുണ്ട്. തുക അനുവദിച്ചു കൊണ്ടുള്ള കത്ത് ആസൂത്രണ വകുപ്പ് അധികൃതര്‍ക്ക് കൈമാറും. ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് നിര്‍വ്വഹണ ചുമതല. മൂന്ന് ആഴ്ച്ചക്കകം മെഷീന്‍ ആശുപത്രിയില്‍ എത്തുമെന്ന് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."