കടപ്പൂക്കര ചേര്യേക്കര പാലം നിര്‍മാണം അന്തിമഘട്ടത്തില്‍
മാള: ഗ്രാമപഞ്ചായത്തിലെ കടപ്പൂക്കരയേയും പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ചേര്യേക്കരയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. അപ്രോച്ച് റോഡ് മെറ്റലിങും ടാറിങുമാണ് ഇനി നടക്കാനുള്ളത്. മെറ്റലിങ് മഴക്കാലത്തിന് മുന്‍പും ടാറിങ് മഴക്കാലത്തിന് ശേഷവും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരു കരക്കാരുടേയും ചിരകാല സ്വപ്നമാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ഇരു പ്രദേശങ്ങളും തമ്മിലുള്ള ദൂരം 250 മീറ്റര്‍ മാത്രമാണെങ്കിലും ഇരു കരകള്‍ക്കിടയില്‍ ചാല്‍ ഉള്ളതിനാല്‍ പോക്ക് വരവിന് കരിങ്ങാച്ചിറ വഴി കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം.
യാത്ര ദുരിതത്താല്‍ പ്രയാസപ്പെടുന്ന പ്രദേശ വാസികളുടെ നിരന്തര ആവശ്യം പരിഗണിച്ച് ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് പാലത്തിന് ഫണ്ട് ബജറ്റില്‍ വകയിരുത്തിയത്.
നബാര്‍ഡിന്റെ ധനസഹായയത്തോടെ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പാണ് ഫണ്ട് ലഭ്യമാക്കുന്നത്. 1.85 കോടി രൂപയാണ് പാലവും അപ്രോച്ച് റോഡും നിര്‍മിക്കുന്നതിനായി അനുവദിച്ചത്. 2014 ല്‍ ഹാര്‍ബര്‍ എഞ്ചിനീയറിംങ് ഫണ്ട് വകയിരുത്തിയെങ്കിലും 2016 ലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. മാള, പുത്തന്‍ചിറ പഞ്ചായത്തുകളുടെ ഇരു പ്രദേശങ്ങളിലേയും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
ഇതാണ് നിര്‍മ്മാണം തുടങ്ങാനുണ്ടായ കാലതാമസത്തിന് കാരണമായത്. മാളയിലെ കടുപ്പൂക്കര പ്രദേശത്തും, പുത്തന്‍ചിറ കുന്നത്തേരി ചേര്യേക്കര പ്രദേശത്തുമായി നിലവും, നിരവധി പേരുടെ ഭൂമിയും വിട്ട് നല്‍കണമായിരുന്നു. നിലം ഏറ്റെടുക്കല്‍ നിയമകുരുക്കില്‍പെടുകയും ചെയ്തു. പഞ്ചായത്തുകള്‍ തങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ പാളിച്ചയുണ്ടായതായി ആക്ഷേപവും ഉയര്‍ന്നു.
മാള ഗ്രാമപഞ്ചായത്ത് തടസങ്ങള്‍ നീക്കി വൈകാതെ സ്ഥലം വിട്ട് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരുത്തിയിരുന്നു. ഇത് പാലം പണി തുടങ്ങുന്നത് വൈകാന്‍ കാരണമായി. കരിങ്ങാച്ചിറ ചാലിന് കുറുകെ പാലം വരുന്നതോടെ പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് പൂവണിയുന്നത്.
പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ കടപ്പൂക്കരയിലുള്ളവര്‍ക്ക് പുത്തന്‍ചിറ സര്‍ക്കാര്‍ ആശുപത്രി, പുത്തന്‍ചിറ ഗവ ഹൈസ്‌കൂള്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പ വഴിയായി ഇത് മാറും.
പാലം തുറക്കുന്നതോടെ കടപ്പൂക്കര നിവാസികള്‍ക്ക് പുത്തന്‍ചിറ കിഴക്കേ ജുമുഅ മസ്ജിദില്‍ എത്തുന്നതിനും ചേര്യേക്കരക്കാര്‍ക്ക് കടപ്പൂക്കര ക്രിസ്ത്യന്‍ ചര്‍ച്ചില്‍ എത്തുന്നതിനും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."