വിരലടയാളത്തിനു പകരം നേത്രപടലം; കൂടുതൽ സുരക്ഷിത മാറ്റത്തിനൊരുങ്ങി സഊദി പാസ്പോർട്ട് വിഭാഗം
റിയാദ്: ആളുകളെ തിരിച്ചറിയുന്നതിന് കൂടുതൽ സുരക്ഷിതമായ മാറ്റത്തിനൊരുങ്ങി സഊദി പാസ്പോർട്ട് വിഭാഗം. നിലവിൽ കോടിക്കണക്കിന് ആളുകളെ വെവ്വേറെയായി തിരിച്ചറിയുന്നതിന് ഉപയോഗിച്ചിരുന്ന വിരലടയാളം സ്വീകരിക്കുന്ന സംവിധാനത്തിൽ നിന്നും മാറി പകരം നേത്ര പടലം അടയാളമായി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സഊദി. കൂടുതൽ സുരക്ഷ വർധിപ്പാക്കാനാകുമെന്ന് കരുതുന്നതിനാലാണ് ഇത്തരമൊരു നീക്കവുമായി സഊദി പാസ്പോർട്ട് വിഭാഗം മുന്നിട്ടിറങ്ങുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവങ്ങളിൽ നിന്നും നിലവിലെ തിരിച്ചറിയൽ സംവിധാനമായ വിരലടയാളം ഒഴിവാക്കി പകരം നേത്ര പടലം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് എന്ന് മുതൽ നടപ്പാക്കുമെന്നത് വ്യക്തമല്ല.
സഊദിയിലെത്തുന്ന ഓരോ വിദേശിയുടെയും വിരലടയാളമാണ് നിലവിൽ സഊദി പാസ്പോർട്ട് വിഭാഗം വിമാനത്താവളങ്ങളിൽ എമിഗ്രെഷൻ സമയത്ത് സ്വീകരിക്കുന്നത്. പിന്നീട് സഊദി വിട്ടു കടക്കുമ്പോഴും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിടിക്കപെടുമ്പോഴും ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഇതുപയോഗിച്ചാണ് ആളുകളെ തിരിച്ചറിയുന്നത്. എന്നാൽ, ഈ സംവിധാനത്തേക്കാൾ കൂടുതൽ സുരക്ഷിതം നേത്ര പടലമാണെന്നതാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇത്തരമൊരു മാറ്റം കൊണ്ട് വരുന്നത്. ഇതിനായുള്ള നടപടി ക്രമങ്ങൾ നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഓരോരുത്തരുടെയും വിരലടയാളം പ്രായം കൂടുന്നതിനനുസരിച്ച് മാറാൻ സാധ്യതയുള്ളതായാണ് പഠനങ്ങൾ. എന്നാൽ, മരണം വരെ നേത്രപടലത്തിൽ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമാണെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇടത് വലത് കണ്ണുകളിലെ നേത്രപടലങ്ങളും വ്യത്യസ്തമാണ്. ഇവ ശേഖരിച്ചു വെക്കുന്നത് സുരക്ഷിതത്വം വർധിപ്പിക്കുമെന്നാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ വിലയിരുത്തൽ. വിരലടയാളത്തിലെ മാറ്റങ്ങൾ പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. യാത്രാ വിലക്കുള്ളവർ പോലും ഇത് മറികടന്ന് രാജ്യത്ത് പ്രവേശിക്കാനിടയുണ്ട്. നേത്ര പടലം സ്വീകരിക്കുന്നതോടെ ഇത് മറികടക്കാനും കൂടുതൽ സുരക്ഷ ഉറപ്പു വരുത്താനും സാധിക്കുമെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകില്ലെലും അധികൃതർ കരുതുന്നു. മരണം വരെ നേത്രപടലത്തിൽ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമാണെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള ഒരുക്കങ്ങൾ വിമാനത്താവളനങ്ങളിൽ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."