വാടാനപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വിജയം
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചു.സി.പി.എം സ്ഥാനാര്‍ഥി വി.ജി അനില്‍ ലാല്‍ 130വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ കെ.എസ് ധനീഷിനെ പരാജയപ്പെടുത്തുകയായിരുന്നു.
കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ആകെ പോള്‍ ചെയ്ത 1006വോട്ടുകളില്‍ അനില്‍ ലാലിന് 492വോട്ട് ലഭിച്ചു.ബി.ജെ.പി സ്ഥാനാര്‍ഥി ധനീഷിന് 362, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ണിക്കൃഷ്ണന് 152വോട്ടുമാണു ലഭിച്ചത്. മൂന്ന് മുന്നണികള്‍ക്കും വോട്ട് വര്‍ധിച്ചുവെങ്കിലും റിബല്‍ ശല്യമില്ലാതിരുന്ന ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സ്വന്തം വോട്ട് പൂര്‍ണ്ണമായും സമാഹരിക്കാനായില്ല.
മുന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 461, യു.ഡി.എഫ് 136, ബി.ജെ.പി 161എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. ബി.ജെ.പി 201വോട്ടുകളാണു ഉപ തെരഞ്ഞെടുപ്പിലൂടെ വര്‍ധിപ്പിച്ചത്.അതേസമയം സി.പി.എമ്മിന് വിജയിക്കാന്‍ കഴിഞ്ഞെങ്കിലും 31വോട്ടുകള്‍ അധികം നേടാനായുള്ളു.
കോണ്‍ഗ്രസ് കൂടുതല്‍ നേടിയത് 16വോട്ടുകളാണ്. കോണ്‍ഗ്രസ് റിബലുകളായിരുന്ന ജുബുമോന്‍ 123, ഫ്രാന്‍സിസ് 136 എന്നിങ്ങനെ വോട്ട് നേടിയിരുന്നു.റിബലുകള്‍ ഇല്ലാതിരുന്ന ഈ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിനു തിരിച്ചുപിടിക്കാനായില്ല.കോണ്‍ഗ്രസ് വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം ബി.ജെ.പിയെ പിന്തുണച്ചുവെന്നു വേണം കരുതാന്‍.
ഇത് പാര്‍ട്ടിയില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് ഇടയാക്കും.സി.പി.എമ്മിലെ ഷിജു കുട്ടനെല്ലൂര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണു ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വോട്ടെണ്ണുന്നതിനു മുല്ലശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ധ്യ വരണാധികാരിയായിരുന്നു. ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."