അംഗവൈകല്യത്തെ അധ്വാനത്തിലൂടെ തോല്‍പിച്ച് ദമ്പതികള്‍
പെരുവള്ളൂര്‍: ആര്‍ക്കുമൊരു ഭാരമാകാതെ അംഗവൈകല്യത്തെ തോല്‍പിച്ച് ജീവിതത്തിനുള്ള വക സ്വയം കണ്ടെത്തുകയാണ് പെരുവള്ളൂര്‍ കൂമണ്ണയിലെ ഭിന്നശേഷിക്കാരായ ഉള്ളാട്ട് പറമ്പന്‍ ഷിഹാബും ഭാര്യ റജീനയും. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പേനയില്‍നിന്ന് സസ്യം വളരുന്ന തരം വിത്ത് പേന നിര്‍മാണവുമായാണ് ഭിന്നശേഷിക്കാരായ ഈ ദമ്പതികള്‍ മാതൃകയാകുന്നത്. ഇത്തരം കടലാസ് പേനകള്‍ പ്രകൃതി മലിനമാക്കില്ല.
പേന ഉപയോഗം കഴിഞ്ഞ് ഭൂമിയിലിട്ടാല്‍ മണ്ണില്‍ ലയിച്ച് പോവുന്നതിനൊപ്പം ഒഴിവാക്കിയ പേനയില്‍നിന്ന് ഭൂമിയില്‍ ഒരു തൈ മുളച്ച് പൊങ്ങുമെന്നതാണ് പേനയുടെ പ്രത്യേകത. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് മാത്രമാണ് പേനയുണ്ടാക്കുന്നതെന്ന് ഷിഹാബ് പറഞ്ഞു. രണ്ടുപേരും അരക്ക് താഴെ ശേഷിയില്ലാത്തവരാണ്. ആവശ്യക്കാരുടെ കൈ മറന്നുള്ള സഹായമാണ് ഇവരുടെ പ്രതീക്ഷ. പന്തല്‍ ജോലിക്കാരനായ ഷിഹാബ് 12 വര്‍ഷം മുന്‍പാണ് പന്തല്‍ പണിക്കിടെ ഉയരത്തില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റത്. ഇതോടെ ജീവിതം വീല്‍ചെയറിലായി. ഷിഹാബ് തന്നെപ്പോലെ അരക്ക് താഴെ തളര്‍ന്ന റജീനയെയാണ് ജീവിത സഖിയാക്കിയത്. ഇപ്പോഴവര്‍ ജീവിത ചെലവിനായി ആവശ്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു കൊടുത്തും പേന നിര്‍മിച്ചുമാണ് മുന്നോട്ടു പോകുന്നത്. കൂടുതല്‍ പേനകള്‍ ആവശ്യമായി വരുന്ന ഓഫിസുകള്‍, വിദ്യാലയങ്ങള്‍, സംഘടനകള്‍ക്കെല്ലാം അവരുടെ പേര് വെച്ചും പേന നിര്‍മിച്ച് നല്‍കുന്നുണ്ട്. പേനക്ക് പുറമെ സോപ്പും സോപ്പ് പൊടിയും പെനോയിലും വീട്ടില്‍ വില്‍പനയുണ്ട്. പേന വാങ്ങി ഷിഹാബിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9605568706, 9745114463
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."