കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു; സി.പി.എം പോളിറ്റ്ബ്യൂറോ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളെയും തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. ഇതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കി ഉത്തരവ് പുറത്തിറക്കിയതെന്നും പോളിറ്റ്ബ്യൂറോ പറഞ്ഞു. അച്ചടി, ദൃശ്യമാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കിയതിന് ശേഷമാണ് പുതിയ നീക്കമെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
നേരത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇലക്‌ട്രോണിക് ടെക്‌നോളജിയുടെ കീഴിലായിരുന്നു ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉണ്ടായിരുന്നത്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളും അവിടെ ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് വ്യക്തമാണ്. അച്ചടി, ദൃശ്യമാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ട് വന്നതിനു ശേഷം ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണമായും എതിര്‍ക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകള്‍, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയത്തിന് കീഴിലാക്കി തിങ്കളാഴ്ചയാണ് ഉത്തരവ് ഇറക്കിയത്. ഓണ്‍ലൈന്‍ സിനിമകള്‍, വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവക്കെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇനി മുതല്‍ കേന്ദ്രത്തിന് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."