ജോ ബൈഡന് ലോക നേതാക്കള്‍ അയച്ച ആശംസകള്‍ ട്രംപ് തടഞ്ഞു വെക്കുന്നതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ലോക നേതാക്കള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അയച്ച ആശംസകള്‍ ട്രംപ് തടഞ്ഞു വെക്കുന്നതായി റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയിയെ പ്രഖ്യാപിച്ച ഉടന്‍ ലോക നേതാക്കള്‍ നിയുക്ത പ്രസിഡന്റിന് ആശംസ അറിയിക്കുകയും ഇത് വൈറ്റ് ഹൗസില്‍ നിന്ന് വേഗത്തില്‍ അവരിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ പതിവിന് വിരുദ്ധമായി ട്രംപ് ബൈഡന് വരുന്ന സന്ദേശങ്ങള്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയായിട്ടും പരാജയം സമ്മതിക്കാതെ നിലവിലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോഴും അധികാരകൈമാറ്റത്തിനുള്ള ശ്രമങ്ങളുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയും. അമരിക്കന്‍ ഇലക്ടറല്‍ സംവിധാനത്തില്‍, വലിയ മാധ്യമ ശൃംഖലകളാണ് പരമ്പരാഗതമായി പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്ത് ആദ്യം തന്നെ വിജയിയെ പ്രഖ്യാപിക്കാറുള്ളത്. വിജയിയെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക വിജ്ഞാപനം ആഴ്ചകള്‍ കഴിഞ്ഞാണ് പുറത്തിറങ്ങാറുള്ളത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടും തട്ടിപ്പും നടന്നെന്ന ഡോണള്‍ഡ് ട്രംപിന്റെ ബഹളങ്ങള്‍ കാര്യമില്ലാത്തതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ 'അനധികൃത' വോട്ടുകള്‍ എണ്ണിയില്ലായിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നെന്ന ട്രംപിന്റെ വാദത്തിന് അദ്ദേഹമോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോ ഒരു തെളിവും ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."