മുഗു സഹകരണ ബാങ്ക് തട്ടിപ്പ്: കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം; ആരോപണവിധേയര്‍ മാറിനില്‍ക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി
കുമ്പള: മുഗു സര്‍വിസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി വിജിലന്‍സിന് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ആരോപണ വിധേയര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. തലശ്ശേരി വിജിലന്‍സ് കോടതിയാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസെടുക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ആരോപണ വിധേയരാവര്‍ തല്‍സ്ഥാനങ്ങളില്‍നിന്നു മാറി നില്‍ക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഗു സര്‍വിസ് സഹകരണ ബാങ്കില്‍നിന്നു വിവിധ കാലയളവുകളിലെ ബാങ്ക് ഭരണസമിതി ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും അനധികൃതമായി സ്വന്തമായും ബന്ധുക്കള്‍ വഴിയും വായ്പകളെടുത്തതായും പാവപ്പെട്ട കര്‍ഷകരുള്‍പ്പെടെയുള്ള ഇടപാടുകാര്‍ക്ക് വായ്പ നല്‍കി തിരിച്ചടക്കാനാവാതെ വന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ടു വാങ്ങി വായ്പ പുതുക്കി കൂടുതല്‍ വായ്പയെടുത്ത് ഭരണ സമിതിയും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് പണം തട്ടിയെടുത്തതുമായ ഗുരുതര ആരോപണങ്ങളാണ് ഭരണസമിതിക്കെതിരേ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചിരുന്നത്.
ഈ ആരോപണങ്ങളെ ശരിവെക്കുന്നതും എന്നാല്‍ കൂടുതല്‍ വസ്തുതകള്‍ അടങ്ങുന്നതുമായ റിപോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേസെടുക്കാന്‍ കോടതി ഉത്തരവായത്.
ആരോപണം ശരിയാണെന്ന നിലയില്‍ പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ തല്‍ സ്ഥാനങ്ങളില്‍ തുടരുന്നത് ശരിയല്ലെന്നും അവരെ നീക്കം ചെയ്യണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കിന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ വായ്പാ വിവരങ്ങള്‍ പുറത്തുവിടുക, അഴിമതി ആരോപണ വിധേയരെ സസ്‌പെന്റ് ചെയ്യുക, തട്ടിപ്പ് നടത്തിയവര്‍ പണം ഇരകള്‍ക്ക് നല്‍കുക, ആരോപണം ശരിയെന്നു സമ്മതിച്ച ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കുക, അരിയപ്പാടി പള്ളം ബ്രാഞ്ചിന്റെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 25ന് മുഗു സഹകരണ ബാങ്കിനു മുന്നില്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍ കെ.പി.എം റഫീഖ്, ട്രഷറര്‍ റഹീം മൂല, സി. മുഹമ്മദ്, അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."