സര്‍വേയ്ക്കെത്തിയ നാവിക അക്കാദമി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റിനു സമീപത്തുള്ള വീടുകളില്‍ അനധികൃതമായി സര്‍വേ നടത്താനെത്തിയ രണ്ട് നാവിക അക്കാദമി ജീവനക്കാരെ ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 11ഓടെയാണ് ജീവനക്കാര്‍ അക്കാദമിക്കു പുറത്തുള്ള വീടുകളില്‍ എത്തിയത്. 'നിങ്ങളുടെ വീടുകള്‍ അക്കാദമിയില്‍ നിന്നു നൂറു മീറ്റര്‍ പരിധിക്കുള്ളിലാണെന്നും നേവിയുടെ അനുമതി ഇല്ലാതെയാണ് വീടുകള്‍ നിര്‍മിച്ചതെന്നും' പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് അക്കാദമി ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ ധരിപ്പിച്ച ശേഷം മാത്രമെ വിട്ടയക്കൂ എന്നറിയിക്കുകയായിരുന്നു.
നേവല്‍ പൊലിസും ഉദ്യോഗസ്ഥരും പയ്യന്നൂര്‍ പൊലിസും വില്ലേജ് അധികൃതരും സ്ഥലത്തെത്തി. പൊലിസ് ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ചില വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ എത്തിയതെന്ന് സിവിലിയന്‍ ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ചു യാതൊരു രേഖകളും ഇവരുടെ കൈയില്‍ ഉണ്ടായിരുന്നില്ല.
നാവിക അക്കാദമിക്കു പുറത്ത് സര്‍വേ പോലുള്ള കാര്യങ്ങള്‍ നടത്തണമെങ്കില്‍ പഞ്ചായത്തിന്റെയോ വില്ലേജ് അധികൃതരുടെയോ അനുമതി വേണമെന്ന് പൊലിസ് അറിയിച്ചതനുസരിച്ച് അക്കാദമി ജീവനക്കാര്‍ തിരിച്ചു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."