ചെന്നൈയില്‍ ട്രെയിന്‍ മാര്‍ഗം കുടിവെള്ളം എത്തും
ചെന്നൈ: അതിരൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനു അതിവേഗ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ചെന്നൈയില്‍ ഫലപ്രദമായ ജലവിതരണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ അനുവദിച്ചു. സംസ്ഥാനമൊട്ടാകെ വരള്‍ച്ചാ ആശ്വാസ നടപടികള്‍ക്കായി 700 കോടി വകയിരുത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. വെല്ലൂരിലെ ജോലാര്‍പേട്ടില്‍ നിന്നും ആറു മാസത്തേക്ക് 10 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം ട്രെയിന്‍ മാര്‍ഗം എത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി 65 കോടി നീക്കി വച്ചിട്ടുണ്ട്.
ചെന്നൈയില്‍ കടുത്ത ക്ഷാമമുണ്ടെന്നു മുഖ്യമന്ത്രി സമ്മതിച്ചു. ജലക്ഷാമം മാധ്യമസൃഷ്ടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസംവരെയുള്ള സര്‍ക്കാര്‍ നിലപാട്. ചെന്നൈ നഗരത്തിലെ പ്രധാന ജലസ്രോതസുകളായ ഷോളവാരം, ചെമ്പരമ്പാക്കം, പൂണ്ടി, റെഡ് ഹില്‍സ് തടാകങ്ങള്‍ വറ്റിവരണ്ടതായി മുഖ്യമന്ത്രി പറഞ്ഞു. കാഞ്ചീപുരം, തിരുവള്ളൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്വാറികളും കിണറുകളും കണ്ടെത്താനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.
വരള്‍ച്ച മറികടക്കുന്നതിനായി അയല്‍ സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കു അര്‍ഹമായ ജലം വിട്ടു നല്‍കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രിംകോടതി വിധി കേരളം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."