ബാവിക്കര പദ്ധതിക്ക് 27 കോടി
കാസര്‍കോട്: കാസര്‍കോടിന്റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് 27 കോടി രൂപയുടെ ഡി.പി.ആര്‍. (ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) തയാറായി. മൂന്നു മാസത്തിനകം ഭരണാനുമതി നല്‍കി ടെണ്ടര്‍ വിളിക്കുമെന്നും ജല വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ കാസര്‍കോട് നഗരസഭയിലെയും സമീപത്തെ മൂന്നു പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിനു പരിഹാരമാവും. കഴിഞ്ഞ ദിവസം തലസ്ഥാനത്തു ചേര്‍ന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയിലാണ് 27 കോടി രൂപയുടെ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നല്‍കിയത്.
നിയമസഭ സബ്ജക്ട് കമ്മിറ്റിയോഗത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
30 വര്‍ഷമായി കുടിവെള്ളം കിട്ടാതെ വലയുന്ന കാസര്‍കോടന്‍ ജനതയുടെ ദുരിതാവസ്ഥ എന്‍.എ നെല്ലിക്കുന്ന് കഴിഞ്ഞ ദിവസം നിമയസഭയില്‍ വിശദമായി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ മൂന്നു മാസമായി കാസര്‍കോട്ടെ ജനം കുടിക്കുന്നത് ഉപ്പുവെള്ളമാണ്. ബാവിക്കരയില്‍ നിന്നു കാസര്‍കോട് നഗരത്തിലേക്ക് പൈപ്പ് ലൈന്‍ മാറ്റുന്ന നടപടി ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നും കരാറുകാരനു കൊടുക്കേണ്ട 15 ലക്ഷം നല്‍കാത്തതാണു കാരണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുണ്ടാകുമെന്ന് മന്ത്രി മാത്യു ടി തോമസ് യോഗത്തില്‍ ഉറപ്പു നല്‍കി.
ബാവിക്കര പദ്ധതി പ്രാവര്‍ത്തികമായാല്‍ മാത്രമേ ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാനാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."