1,000 മണിക്കൂര്‍ അധ്യയനം യാഥാര്‍ഥ്യമായില്ല; ലഭിച്ചത് 900ല്‍ താഴെ
കോഴിക്കോട്: ഹര്‍ത്താലുകളും വിദ്യാഭ്യാസ ബന്ദുകളും അപഹരിച്ച അധ്യയന ദിനങ്ങള്‍ കൂടി കണക്കാക്കിയാല്‍ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറിയില്‍ കഴിയാന്‍ കഴിഞ്ഞത് 900 മണിക്കൂറുകള്‍ മാത്രം.
പ്രൈമറി വിദ്യാലയങ്ങളില്‍ 1,000 മണിക്കൂര്‍ അധ്യയനം ഉറപ്പുവരുത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് നടക്കാതെ പോയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഒന്നു മുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് 1,000 മണിക്കൂര്‍ അധ്യയനം സാധ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ദേശീയ വിദ്യാഭ്യാസനയ പ്രകാരം 220 ദിവസം അധ്യയനം ലഭിക്കണമെന്നിരിക്കെ സംസ്ഥാനത്ത് ഇത് 179 മുതല്‍ 190 വരെയാണ് ലഭിച്ചത്.
പ്രാദേശിക അവധികള്‍, അടിക്കടിയുള്ള ഹര്‍ത്താല്‍, വിദ്യാഭ്യാസ ബന്ദ്, സ്‌കൂള്‍ മേളകള്‍ തുടങ്ങിയ കാരണങ്ങളാലാണ് കേരളത്തില്‍ അധ്യയന ദിനങ്ങള്‍ ഇത്രയും ഇടിയാന്‍ കാരണം. പ്രദേശിക അവധികളോ മറ്റോ നല്‍കിയാല്‍ പ്രഥമ അധ്യാപകര്‍ അത് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നഷ്ടമായ മണിക്കൂറുകള്‍ക്ക് പകരം അവധി ദിവസങ്ങളില്‍ ക്ലാസ് നടത്തി ഈ മണിക്കൂറുകളിലെ പഠനം സാധ്യമാക്കണമെന്നുമാണ് നിര്‍ദേശം. പ്രദേശിക അവധിക്ക് പകരം മറ്റ് ദിവസങ്ങളില്‍ ക്ലാസ് നടത്താറുണ്ടെങ്കിലും ഹര്‍ത്താല്‍, വിദ്യാഭ്യാസ ബന്ദ് എന്നിവയ്ക്ക് പകരം ക്ലാസ് നടത്താറില്ല. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്.എം.സി)യാണ് അധ്യയന ദിവസം സംബന്ധിച്ച് പരിശോധനയും നടപടിയും സ്വീകരിക്കേണ്ടതെങ്കിലും ചുരുങ്ങിയത് 200 അധ്യയന ദിനങ്ങള്‍ എങ്കിലും ഉറപ്പുവരുത്താന്‍ ഈ കമ്മിറ്റിക്കും കഴിഞ്ഞിരുന്നില്ല.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഓരോ വിദ്യാര്‍ഥിക്കും ചുരുങ്ങിയത് 200 അധ്യയന ദിനങ്ങളെങ്കിലും ലഭിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇത് സാധ്യമാക്കുമോയെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."