ഡെങ്കിയില്‍ വിറച്ച് തലസ്ഥാനം
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മദ്യക്കുപ്പികളും മാലിന്യങ്ങളും. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രി ജീവനക്കാരന്‍ മരിക്കുകയും ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ പനി പടരുകയും ചെയ്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് മദ്യ, ബിയര്‍ കുപ്പികളും മാലിന്യങ്ങളും കണ്ടെത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനമെന്ന് മന്ത്രിക്ക് നേരിട്ടു ബോധ്യപ്പെട്ടു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്.
കുട്ടികളുടെ മരുന്ന് സൂക്ഷിക്കുന്ന സ്ഥലം ഏറെ വൃത്തിഹീനമായിരുന്നു. തുരുമ്പിച്ച അലമാരകളിലായിരുന്നു ഒരു കരുതലുമില്ലാതെ മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. മദ്യക്കുപ്പികളും മാലിന്യങ്ങള്‍ കൂട്ടിയിട്ടത് കണ്ട മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു.
കുട്ടികളുടെ വാര്‍ഡില്‍ നടത്തിയ പരിശോധനയില്‍ തുരുമ്പെടുത്ത് വൃത്തിഹീനമായ അലമാരയില്‍കുത്തിവയ്പ്പ് നല്‍കാനുള്ള സിറിഞ്ചും പഞ്ഞിയും സൂക്ഷിച്ചിരുന്നതും ശ്രദ്ധയില്‍പ്പെട്ടു.
ശുചീകരണം നടത്തി ഇതൊരു ആശുപത്രിയാക്കി മാറ്റിയില്ലെങ്കില്‍ നാളെ മുതല്‍ പണിയുണ്ടാകില്ലെന്ന് മന്ത്രി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മന്ത്രി പരിശോധനക്ക് എത്തിയപ്പോള്‍ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ ഭൂരിഭാഗം ഡോക്ടര്‍മാരും ജീവനക്കാരും ജോലിക്ക് എത്തിയിരുന്നില്ല. ജനറല്‍ ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ സംബന്ധിച്ച് രോഗികളില്‍ നിന്നുള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചതോടെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ജീവനക്കാര്‍ ആശുപത്രിയില്‍ എത്തുന്നത് വൈകിയാണെന്ന് രോഗികള്‍ പരാതി ഉന്നയിച്ചിരുന്നു. ആശുപത്രി ശുചീകരിക്കാന്‍ 24 മണിക്കൂര്‍ നല്‍കിയ മന്ത്രി ഹാജര്‍ നില ഉള്‍പ്പെടെ പരിശോധിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."