ദേശീയ ഗെയിംസിലെ ക്രമക്കേട്: ഓഡിറ്റ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയില്ല
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ 24.89 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റില്‍ കണ്ടെത്തിയിട്ടും നടപടിയില്ല. 10.58 കോടിയുടെ അധികചെലവും 3.35 കോടി രൂപയുടെ നഷ്ടവും ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ട് യുവജന ക്ഷേമ വകുപ്പിന് കൈമാറിയിരുന്നു. ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ സ്റ്റേറ്റ്‌മെന്റ് തുടര്‍ നടപടികള്‍ക്കായി ഓഡിറ്റ് വകുപ്പിനു കൈമാറിയിരിക്കുകയാണ്. എന്നാല്‍, റിപ്പോര്‍ട്ടിന്‍മേല്‍ ഇതുവരെ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
നേരത്തെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) നടത്തിയ അന്വേഷണത്തില്‍ ദേശീയ ഗെയിംസ് നടത്തിപ്പിന്റെ പേരില്‍ 50 കോടിയിലേറെ രൂപയുടെ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഗെയിംസിനായി വാങ്ങിയ 960 എയര്‍ കണ്ടിഷണറുകള്‍ അപ്രത്യക്ഷമായതായി സി.എ.ജി കണ്ടെത്തി. കൂടാതെ ഗെയിംസ് കിറ്റിന്റെ വിതരണത്തിലെ പാളിച്ച, സുരക്ഷാ ഉപകരണങ്ങള്‍ സമയത്തിന് എത്തിക്കാനാവാത്തത്, യൂനിഫോം വിതരണത്തിലെ പാകപിഴ, ജിം ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്, അനര്‍ഹരായ കലാകാരന്മാര്‍ക്കു ഡി.എ നല്‍കിയത്, വിപണി വിലയേക്കാള്‍ ഉയര്‍ന്ന വാടക നല്‍കിയത്, പരിശോധനയില്‍ ഉപകരണങ്ങളുടെ എണ്ണത്തില്‍ കണ്ടെത്തിയ കുറവ്, സ്‌റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താതെ നിരവധി ഉപകരണങ്ങള്‍ വാങ്ങിയത് തുടങ്ങി എല്ലാതലത്തിലും ദേശീയ ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നതായിട്ടാണ് സി.എ.ജി കണ്ടെത്തിയത്. 2.18 കോടി രൂപയുടെ നഷ്ടമാണ് വേദികളുടെ നിര്‍മാണത്തിലും പുനരുദ്ധാരണത്തിലും കണ്ടെത്തിയത്.
സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം നവീകരണത്തില്‍ വന്‍ നഷ്ടം സംഭവിച്ചതായും ടെന്നീസ് ക്ലബിനായി മുടക്കിയ 1.50 കോടിയും വെള്ളയമ്പലം സ്വിമ്മിങ്പൂളിന്റെ പേരില്‍ എട്ടു കോടിയുടെ നഷ്ടമുണ്ടായതായും സി.എ.ജി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ റണ്‍ കേരള റണ്ണിന്റെ പേരില്‍ മുടക്കിയ 10 കോടി രൂപയും ഫലപ്രദമായി ചെലവഴിക്കപ്പെട്ടില്ല. ദേശീയ ഗെയിംസിലെ അഴിമതി സംബന്ധിച്ച് ആരോപണവുമായി ആദ്യം രംഗത്തെത്തിയത് സി.പി.എം മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടിയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ മാറിയിട്ടും ദേശീയ ഗെയിംസിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."