സംവരണ അട്ടിമറിയില്‍ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധ സമിതി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധ സമിതി. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച, പ്രഭാത് പട്‌നായിക് ചെയര്‍മാനും പ്രൊഫ.രാജന്‍ ഗുരുക്കള്‍ വൈസ് ചെയര്‍മാനുമായുള്ള ആറംഗ സമിതിയാണ് ആശങ്ക പ്രകടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഒ.ബി.സി, ദലിത്, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ സംബന്ധിച്ച് ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ലെന്നും ഇത് സംവരണം പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കത്തിന്റെ സൂചനയാണോയെന്ന് ആശങ്കയുണ്ടെന്നും സമിതി പറയുന്നു.
വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, അധ്യാപകരിലും മറ്റു ജീവനക്കാരിലും സംവരണം തുടരേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്നോക്ക സംവരണത്തിന്റെ മറവില്‍ പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടയ്ക്കാണ് പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ അനിവാര്യത എടുത്തുപറഞ്ഞ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ പിന്നോട്ടടിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസത്തെ കോര്‍പ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടിലേക്ക് എത്തിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്നും രാഷ്ട്ര നിര്‍മാണത്തിന് നിര്‍ണായക പങ്കുവഹിക്കുന്ന വിദ്യാഭ്യാസത്തെ രാഷ്ട്രത്തിന് തകരാറുണ്ടാക്കുംവിധം വികലമാക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."