ജോലിയില്‍ പ്രവേശിക്കാത്ത മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: ജോലിയില്‍ പ്രവേശിക്കാത്ത കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി തുടങ്ങി. വ്യവസ്ഥ ലംഘിച്ച ജൂനിയര്‍, സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരേ റവന്യൂ റിക്കവറി നടപടികളാണ് ആരംഭിച്ചത്. വീഴ്ച വരുത്തിയ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. പി.ജി കോഴ്‌സ് പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ പാലിക്കാതെയിരുന്നാല്‍ ബോണ്ടു തുകയും സ്‌റ്റൈപ്പന്റും തിരിച്ചടയ്ക്കാമെന്ന് പഠന കാലയളവില്‍ സര്‍ക്കാരുമായി സമ്മതപത്രം ഒപ്പിട്ടിരുന്നു. നിയമനം ലഭിച്ചിട്ടും വ്യവസ്ഥ അനുസരിച്ച് ജോലിയില്‍ പ്രവേശിക്കാതെ വന്നതോടെയാണ് നടപടി. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരേയും ഉടന്‍ നടപടിയുണ്ടാകും. നിയമനം ലഭിച്ച പലരും സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലി ചെയ്യുകയാണ്. ജോലിക്ക് ഹാജരകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ തയാറായില്ല. ഇതോടെയാണ് റവന്യൂ റിക്കവറി നടപടിയുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."