ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് ലഭിക്കാതെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി കോഴിസിന്റെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. പരീക്ഷാ ഫലം പുറത്തു വന്ന് മാസങ്ങളായിട്ടും പ്രിലിമിനറിയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. പ്രിലിമിനറിയുടെ രണ്ടു വര്‍ഷ കോഴ്‌സ് കേരള സര്‍ക്കാര്‍ പ്ലസ് ടുവിന് തത്തുല്യമാക്കിയിട്ടുണ്ട്. പ്ലസ് ടു ഹ്യുമാനിറ്റീസ് കഴിഞ്ഞവര്‍ക്ക് ചേരാവുന്ന ബിരുദ കോഴ്‌സുകള്‍ക്കും പ്ലസ്ടു അടിസ്ഥാന യോഗ്യതയും അധിക യോഗ്യതയുമായുളള എല്ലാ കോഴ്‌സുകള്‍ക്കും പ്രിലിമിനറി പാസായവര്‍ക്കും ചേരാം.
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2014 ജൂണ്‍ 3 ന്റെ(2165-2014) ഉത്തരവു പ്രകാരമാണ് അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പ്ലസ് ടു ഹ്യൂമാനിറ്റീസിന് തുല്യമാക്കിയിരിക്കുന്നത്. കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് ആവശ്യമാണ്. കംപ്യൂട്ടറില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റ് ആധികാരികമല്ലാത്തതിനാല്‍ അത് ഉപകാരപ്പെടുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. റിസല്‍ട്ട് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ യൂനിവേഴ്‌സിറ്റി ഇതുവരെ നല്‍കിയിട്ടില്ല. പല വിദ്യാര്‍ഥികളും തങ്ങള്‍ അപേക്ഷിച്ച വിവിധ കോഴ്‌സുകള്‍ക്കായി അഭിമുഖത്തിന് പങ്കെടുക്കുമ്പോഴാണ് ഇതിന്റെ പ്രയാസം തിരിച്ചറിയുന്നത്. ഐ.ടി.ഐ, ടി.ടി.ഐ, മറ്റ് ബിരുദ കോഴ്‌സുകള്‍, തൊഴിലധിഷ്ടിത കോഴ്‌സുകള്‍ എന്നിവയ്ക്ക് ഇപ്പോള്‍ അഭിമുഖങ്ങളും അഡ്മിഷനും നടക്കുകയാണ്. പല കോഴ്‌സുകള്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇന്‍ഡക്‌സ് മാര്‍ക്ക് കൂടുതല്‍ ലഭിക്കുമെങ്കിലും ഇതിനായി അഡ്മിഷന്‍ സമയത്ത് ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് കാണിക്കണം. എന്നാല്‍ പ്ലസ് ടുവിന് തുല്യമെന്ന് അംഗീകരിക്കപ്പെട്ട പ്രിലിമിനറിയുടെ മാര്‍ക്ക് ലിസ്റ്റിന്റെ കംപ്യൂട്ടര്‍ കോപ്പിക്ക് കടലാസിന്റെ വില പോലും അധികൃതര്‍ നല്‍കുന്നില്ലെന്നാണ് ആരോപണം. പ്രിലിമിനറി കോഴ്‌സ് പാസായാല്‍ എല്‍.പി, യു.പി അധ്യാപകരാകാവാനുള്ള യോഗ്യതയുമുണ്ട്. നിലവില്‍ മറ്റ് കോഴ്‌സുകള്‍ക്ക് ചേര്‍ന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ടെത്തി പ്രത്യേക ചെലാനും അപേക്ഷയും നല്‍കി പ്രിലിമിനറിയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ പ്രിലിമിനറി റിസല്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം ഫലം പുറത്തുവന്ന മറ്റു പല കോഴ്‌സുകളുടെയും മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വകലാശാല നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."