പയ്യന്നൂരിലും കാന്തല്ലൂരിലും വാനാക്രൈ ആക്രമണം
തൊടുപുഴ/പയ്യന്നൂര്‍: വാനാക്രൈ വൈറസ് ആക്രമണം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും ഇടുക്കിയിലെ കാന്തല്ലൂരിലും. പയ്യന്നൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിലെയും കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെയും കംപ്യൂട്ടറുകളിലാണ് ആക്രമണമുണ്ടായത്.
പയ്യന്നൂര്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ ഇന്നലെ രാവിലെ ജീവനക്കാരെത്തി കംപ്യൂട്ടറുകള്‍ തുറന്നപ്പോഴാണു വൈറസ് ബാധ കണ്ടെത്തിയത്. കംപ്യൂട്ടറിലെ ഡാറ്റകള്‍ തിരികെ ലഭിക്കണമെങ്കില്‍ 300 ഡോളര്‍ നല്‍കണമെന്ന സന്ദേശവും മോണിറ്ററില്‍ തെളിഞ്ഞു. എന്നാല്‍ ഡാറ്റകള്‍ മറ്റൊരു ഡ്രൈവില്‍ സൂക്ഷിച്ചിരുന്നതിനാല്‍ കംപ്യൂട്ടറുകള്‍ ഫോര്‍മാറ്റ് ചെയ്ത് പ്രശ്‌നം പരിഹരിച്ചു. വൈറസ് ആക്രമണത്തെ തുടര്‍ന്നു സഹകരണസംഘം പ്രവര്‍ത്തനം ഇന്നലെ മണിക്കൂറുകളോളം തടസപ്പെട്ടു. വിവരമറിഞ്ഞ് മേഖലയിലെ മറ്റു സഹകരണ ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സന്ദേശങ്ങള്‍ അയക്കുന്നതിനും മറ്റുമായി മാത്രം ഉപയോഗിച്ചിരുന്ന പഴക്കം ചെന്ന കംപ്യൂട്ടറിലാണ് വൈറസ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മോണിറ്ററില്‍ വാനാക്രൈ വൈറസ് ബാധിച്ചതായി സൂചന ലഭിച്ചത്. പിന്നീട് പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കേരള ഐ.ടി മിഷനുമായി ബന്ധപ്പെട്ടപ്പോള്‍ സെര്‍വറുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ മറ്റു കംപ്യട്ടറുകള്‍ വരും ദിവസങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം ലഭിച്ചു.
കേരള ഐ.ടി മിഷനില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാല്‍ മാത്രമേ പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാവു. വൈറസ് ആക്രമണം ഉണ്ടായത് ഫയലുകള്‍ സൂക്ഷിക്കാത്ത കംപ്യൂട്ടറിലായതിനാല്‍ ഓഫിസ് രേഖകള്‍ നഷ്ടമാകാന്‍ സാധ്യത ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."