'മിറാക്കിള്‍ ഫ്രൂട്ട്' ആഫ്രിക്കന്‍ പഴവര്‍ഗ വിസ്മയം പിലിക്കോടും
ചെറുവത്തൂര്‍: ആഫ്രിക്കന്‍ അത്ഭുത പഴച്ചെടിയായ 'മിറാക്കിള്‍ ഫ്രൂട്ട്' കൗതുകം നിറയ്ക്കുന്നു. പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് കായ്ക്കാറായ ചെടികളുള്ളത്. അതിമധുരമാണ് ഈ പഴത്തിന്റെ പ്രത്യേകത.
സസ്യത്തിന്റെ ഒരു പഴം കഴിച്ചാല്‍ രണ്ടുമണിക്കൂര്‍ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടും. മിറാക്കിള്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന 'മിറാക്കുലീന്‍' എന്ന പ്രോട്ടീന്‍ ഘടകം നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തി പുളി, കയ്പ് രുചികള്‍ക്ക് പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക് ഇതിന്റെ തൈകള്‍ എത്തിച്ചത്. ഇപ്പോള്‍ ഏതാണ്ട് കായ്ക്കാന്‍ പാകമായി. പഴവര്‍ഗ സ്‌നേഹികളായ കര്‍ഷകരുടെ തോട്ടത്തിലേക്ക് പുതിയ അതിഥിയായി ഈ പഴവര്‍ഗത്തെ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍.
വേനല്‍ക്കാലമാണ് പഴക്കാലമെങ്കിലും കേരളത്തിലെ കാലാവസ്ഥയില്‍ ഇവ പലതവണ കായ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. മനോഹരമായ ഇലകളോട് കൂടിയ ഇവ ആഫ്രിക്കയില്‍ ഉദ്യാനച്ചെടിയായും നട്ടുവളര്‍ത്താറുണ്ട്. അര്‍ബുദ രോഗചികിത്സയിലെ കീമോ തെറാപ്പിക്കു വിധേയരായി നാവിന്റെ രുചി നഷ്ടപ്പെടുന്ന രോഗികള്‍ക്ക് ഭക്ഷണത്തിന്റെ തനതു രുചി ആസ്വദിക്കാന്‍ മിറാക്കിള്‍ ഫ്രൂട്ട് സഹായിക്കുമത്രെ.
തൈകള്‍ കായ്ച്ചാല്‍ കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമോ എന്ന ശ്രമത്തിലാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."