പിള്ളയുമായി നേരത്തെ ധാരണയിലെത്തിയിരുന്നു: കാനം രാജേന്ദ്രന്‍
കണ്ണൂര്‍: എല്‍.ഡി.എഫ് ഒറ്റക്കെട്ടായിയെടുത്ത തീരുമാനപ്രകാരമാണ് ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
അദ്ദേഹവുമായി നേരത്തെ ധാരണയിലെത്തിയിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുന്നോക്ക സമുദായ കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന ബാലകൃഷ്ണ പിള്ള അത് രാജിവെച്ചാണ് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫ് മുന്നണി പ്രവേശനഘട്ടത്തില്‍ നേരത്തെയുണ്ടായ സ്ഥാനം നല്‍കാമെന്ന് ധാരണയുണ്ടാക്കിയിരുന്നു. ഇതിന്റെ ഫലമായാണ് ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ബാലകൃഷ്ണ പിള്ള അഴിമതി കേസില്‍ ജയിലിലായതും മറ്റും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. പിന്നീട് അദ്ദേഹത്തിന്റെ മകന്‍ എല്‍.ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് എം.എല്‍.എയായത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് അവസാനിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൈയേറ്റക്കാര്‍ക്ക് അനുകൂല വിധി ലഭ്യമാകാതിരിക്കാന്‍ പഴുതുകളടച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിനുശേഷം കണ്ണൂരിലുണ്ടായ കൊലപാതകം നിര്‍ഭാഗ്യകരമാണ്. രാഷ്ട്രിയമായാലും അല്ലെങ്കിലും മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നതിനെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."