ഇന്ത്യ-ചൈന തര്‍ക്കം യു.എസ് മുതലെടുത്തേക്കുമെന്ന് റഷ്യ
മോസ്‌കോ: ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷാവസ്ഥ യൂറേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നും ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ക്കായി മറ്റുള്ളവര്‍ അത് മുതലെടുക്കുമെന്നും റഷ്യ. ചൈനക്കെതിരേ ഇന്ത്യയെ തിരിച്ചുവിടാനുള്ള യു.എസ് ശ്രമത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു റഷ്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബബുഷ്‌കിന്റെ മുന്നറിയിപ്പ്.
ഏഷ്യയിലെ രണ്ട് ശക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ സ്വാഭാവികമായും റഷ്യക്ക് ആശങ്കയുണ്ട്. ഇരു രാജ്യങ്ങളും ക്രിയാത്മകമായ ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നും ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു. ഷാങ്ഹായ് അംഗരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ട് ഒരു ദിവസത്തിനകമാണ് റഷ്യയുടെ പ്രതികരണം. ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയും ചൈനയും അടുത്തു തന്നെ പങ്കെടുക്കാനിരിക്കെ പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചയാണ് വിവിധ മേഖലകളില്‍ സഹകരിക്കാനുള്ള പ്രധാന മാര്‍ഗമെന്ന് അദ്ദേഹം വ്യക്തമാക്കി.
നയതന്ത്ര-സൈനിക തലത്തിലുള്ള ചര്‍ച്ച തുടരണം. ഇന്ത്യയുമായും ചൈനയുമായും റഷ്യക്ക് തന്ത്രപ്രധാനമായ ബന്ധമാണുള്ളത്. വൈകാതെ സമാധാനപരമായ ഒരു പരിഹാരം ഉരുത്തിരിയുമെന്നു തന്നെയാണ് കരുതുന്നത്. ഇരു രാജ്യങ്ങളും നാഗരികമായ തിരിച്ചറിവും സാമ്പത്തികവും സൈനികവുമായ കരുത്തുമുള്ള അയല്‍ക്കാരാണ്. ഇന്ത്യയും യു.എസും തമ്മിലെ ബന്ധത്തെ കുറിച്ച ചോദ്യത്തിന് റഷ്യ അതില്‍ യാതൊരു പ്രശ്‌നവും കാണുന്നില്ലെന്നായിരുന്നു ബുഷ്‌കിന്റെ മറുപടി.
എന്നാല്‍ റഷ്യയുമായി ഇന്ത്യ വലിയ തോതിലുള്ള ആയുധവ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനെ യു.എസ് എതിര്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരേ സമ്മര്‍ദമുണ്ടാക്കാന്‍ ഉപരോധവും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് അറിയാം. 2018 ഒക്ടോബറില്‍ റഷ്യയുമായി എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിന് ഇന്ത്യ 500 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചിരുന്നു. എസ്-400 വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ യു.എസ് ഉപരോധ ഭീഷണി പുറപ്പെടുവിച്ചിരുന്നു. എസ്-400 ആദ്യ ശ്രേണി അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന റിക് (റഷ്യ-ഇന്ത്യ-ചൈന) ഉച്ചകോടി അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മൂന്നു രാജ്യങ്ങളും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാമെന്നും റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ശുഭാപ്തി പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."