'വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു, അവസാന തെരഞ്ഞെടുപ്പെന്ന് പറഞ്ഞിട്ടില്ല'- അടുത്ത കാലത്തൊന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് നിതീഷ് കുമാര്‍
പട്‌ന: അടുത്തകാലത്തൊന്നും താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകായിരുന്നെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. പൂര്‍ണിയ ജില്ലയില്‍ നടന്ന അവസാന തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ 'അവസാനത്തെ തെരഞ്ഞെടുപ്പ്' പ്രസ്താവനയില്‍ വിശദീകരണം നല്‍കുകയായിരുന്നു നിതീഷ് കുമാര്‍.
താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് നിതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായാണ് നിതീഷ് മാധ്യമപ്രവര്‍ത്തരെ കാണുന്നത്.
'ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ശരിയായി മനസ്സിലായില്ല. എല്ലാ തെരഞ്ഞെടുപ്പുകാലത്തും അവസാന റാലികളില്‍ ഞാനത് പറയാറുണ്ട്, അവസാനം നന്നായാല്‍ എല്ലാം നന്നായെന്ന്. അവസാന തെരഞ്ഞെടുപ്പ് എന്ന വാചകത്തിന് മുമ്പ് ഞാന്‍ എന്താണ് പറഞ്ഞതെന്നും അതിനുശേഷം ഞാന്‍ എന്താണ് പറഞ്ഞതെന്നും കേട്ടാല്‍ നിങ്ങള്‍ക്ക് സന്ദര്‍ഭം മനസ്സിലാകും. നിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല.' - നിതീഷ് കുമാര്‍ പറഞ്ഞു.
എന്‍.ഡി.എയുടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കും എന്ന് ബി.ജെ.പി ഉറപ്പിച്ച് പറഞ്ഞതിന് പിന്നാലെയാണ് നിതീഷിന്റെ പ്രതികരണം. 2005 മുതല്‍ ബിഹാര്‍ മുഖ്യമന്ത്രിയാണ് 69-കാരനായ നിതീഷ് കുമാര്‍.
'ഞാന്‍ നിസ്വാര്‍ഥമായി ജനങ്ങളെ സേവിക്കുന്നു. എന്നിട്ടും ചില ആളുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതില്‍ വിജയിച്ചു. എക്സിറ്റ്പോള്‍ പ്രവചനങ്ങളെ തുടര്‍ന്ന് പൊതുജനങ്ങളുടെ മനസ്സില്‍ രൂപപ്പെട്ട ആശങ്ക നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.' നിതീഷ് പറയുന്നു.
കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍.ഡി.എ വിജയം സ്വന്തമാക്കിയത്. മഹാഗദ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണല്‍ തീര്‍ന്നത്.
75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."