കൊടിക്കുന്നിലിന്റെ സ്ഥാനലബ്ധിയില്‍ തിരിച്ചടിയേറ്റ് ഉമ്മന്‍ചാണ്ടി വിഭാഗം
കൊല്ലം: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നിയമനം ഉമ്മന്‍ചാണ്ടി വിഭാഗത്തിന് കനത്ത തിരിച്ചടിയായി. എ.കെ ആന്റണിയുടെ എക്കാലത്തെയും വിശ്വസ്തനായ കൊടിക്കുന്നില്‍, വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായ കാലത്ത് അദ്ദേഹവുമായി അടുത്തതോടെയാണ് എ ഗ്രൂപ്പിന്റെ നോട്ടപ്പുള്ളിയായത്. വി.എം സുധീരന്‍ പ്രത്യേകം താല്‍പ്പര്യമെടുത്തായിരുന്നു കൊടിക്കുന്നിലിനെ കൊല്ലം ഡി.സി.സിയുടെ അധ്യക്ഷനാക്കിയത്. ഇതിനിടെ കൊല്ലത്തെ എ ഗ്രൂപ്പ് നേതൃത്വം കൊടിക്കുന്നില്‍ വിഭാഗത്തെ ഗ്രൂപ്പില്‍നിന്ന് അകറ്റിയതോടെ, ജില്ലയില്‍ കൊടിക്കുന്നില്‍ പ്രത്യേക വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ, റെയില്‍വേ വികസന നടപടികള്‍ ആവശ്യപ്പെട്ട് കൊട്ടാരക്കര റയില്‍വേ സ്‌റ്റേഷനുമുന്നില്‍ കൊടിക്കുന്നില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യാന്‍ കൊല്ലത്ത് ഉണ്ടായിരുന്നിട്ടും ഉമ്മന്‍ചാണ്ടി എത്താതിരുന്നതും വിവാദമായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു അന്ന് കൊടിക്കുന്നിലിന്റെ ഉപവാസം ഉദ്ഘാടനം ചെയ്തത്.
അടുത്തിടെ, കൊല്ലത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിലും ഡി.സി.സി നേതൃത്വവുമായി തുറന്ന പോരിലായിരുന്നു കൊടിക്കുന്നില്‍. എ.ഐ.സി.സി നേതൃത്വം രണ്ടാമതും ഇടപെട്ടതോടെയാണ് കൊടിക്കുന്നില്‍ അനുകൂലികളെ ഒഴിവാക്കുന്നത് തടയാനായത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് കെ.പി.സി.സിയെ അതൃപ്തി അറിയിക്കുകയും ചെയ്തു.
കോട്ടയം,ആലപ്പുഴ,കൊല്ലം ജില്ലകളിലെ ഏഴു നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊടിക്കുന്നില്‍ പ്രതിനിധീകരിക്കുന്ന മാവേലിക്കര ലോക്‌സഭാ മണ്ഡലം. കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങള്‍ കൊല്ലം ജില്ലയിലാണ്. ഈ മൂന്നു നിയോജകമണ്ഡലങ്ങളും കൊടിക്കുന്നിലിന്റെ സ്വാധീനമേഖലകളാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കാത്ത മണ്ഡലമാണ് മാവേലിക്കര. 1989ല്‍ എ.കെ ആന്റണിയുടെ നിര്‍ദേശപ്രകാരമാണ് കൊടിക്കുന്നില്‍ അന്നത്തെ അടൂര്‍ സംവരണമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായത്. പിന്നീട് 1991, 96, 99, 2009, 2014 തെരഞ്ഞെടുപ്പുകളില്‍ വിജയച്ചിപ്പോള്‍ 1998ലും 2004ലും പരാജയപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കൊടിക്കുന്നിലിനെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ബാലകൃഷ്ണപിള്ളയെ തോല്‍പ്പിച്ചാണ് കൊടിക്കുന്നിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നല്‍കിയത്.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്,യൂത്ത്‌കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി,കെ.പി.സി.സി ജനറല്‍സെക്രട്ടറി,ഡി.സി.സി പ്രസിഡന്റ്,എ.ഐ.സി.സി സെക്രട്ടറി,നെഹ്‌റു യുവകേന്ദ്ര ദേശീയ വൈസ് ചെയര്‍മാന്‍ പദവികള്‍ വഹിച്ചിട്ടുള്ള കൊടിക്കുന്നില്‍ കെ.പി.സി.സി പ്രസിഡന്റിനെ പരിഗണിക്കുന്ന പട്ടികയിലും ഉള്‍പ്പെട്ടിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരില്‍ കുറച്ചുകാലം സഹമന്ത്രിയുമായിരുന്നു. കോണ്‍ഗ്രസില്‍ മല്ലികാര്‍ജുന ഖാര്‍ഗെ കഴിഞ്ഞാല്‍ ദേശീയതലത്തിലെ പ്രമുഖ ദലിത് മുഖവുമാണ്. സോണിയയും രാഹുലുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കൊടിക്കുന്നില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലെയും കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറികൂടിയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."