മുന്നോട്ടു കൊണ്ടുപോകുക മുല്ലപ്പള്ളിക്കുള്ള വെല്ലുവിളി
തിരുവനന്തപുരം: ഗ്രൂപ്പുകള്‍ക്കതീതനായി ഹൈക്കമാന്‍ഡ് തീരുമാനിച്ച് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെത്തിയ വി.എം സുധീരന്റെ ഗതിതന്നെയാകുമോ പുതിയ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രവര്‍ത്തിക്കാനുള്ള സാഹചര്യംപോലും ഇല്ലാതാക്കി, രാജിവച്ചുപോകേണ്ട അവസ്ഥയിലേക്കാണ് കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് പ്രസിഡന്റായിരുന്ന വി.എം സുധീരനെ എത്തിച്ചത്. സുധീരനെ പുകച്ച് പുറത്താക്കിയ ശേഷം ഗ്രൂപ്പ് പ്രതിനിധിയായ എം.എം ഹസനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും കേരളത്തിലെ ഗ്രൂപ്പു നേതാക്കള്‍ക്ക് കഴിഞ്ഞു. സമാനമായ സാഹചര്യമാകുമോ മുല്ലപ്പള്ളിയുടെ കാര്യത്തിലും ഉണ്ടാകുകയെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.
സംസ്ഥാനത്ത് സജീവമായി നിന്ന നേതാക്കളില്‍ പലരെയും തഴഞ്ഞാണ് കേന്ദ്ര നേതൃത്വത്തില്‍ വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കിയിരിക്കുന്നത്. ഗ്രൂപ്പുകളുടെ ഭാഗമല്ലെന്ന വലിയ കുറവും അദ്ദേഹത്തിനുണ്ട്.
മുല്ലപ്പള്ളിയെ കാത്തിരിക്കുന്നതാകട്ടെ കടുത്ത വെല്ലുവിളികളുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പും അതിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമെല്ലാം ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ച് വീതംവയ്ക്കാനായില്ലെങ്കില്‍ മുല്ലപ്പള്ളി നേരിടാന്‍ പോകുന്നത് വി.എം.സുധീരന്‍ നേരിട്ടതിനേക്കാള്‍ കടുത്ത പ്രതിസന്ധിയായിരിക്കും.
മാത്രമല്ല കേരള രാഷ്ട്രീയത്തില്‍നിന്നു വിട്ട് കേന്ദ്രത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇത്തവണ ഭാരവാഹികളായവരില്‍ കൂടുതലും. മുല്ലപ്പള്ളിക്കു പുറമേ എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ഈ പട്ടികയിലുള്ളവരാണ്. ഹൈക്കമാന്‍ഡിനോട് അടുത്തുനില്‍ക്കുന്നവരും സംസ്ഥാന രാഷ്ട്രീയവുമായി സജീവ ബന്ധമില്ലാത്തവരുമായവരെ പൂര്‍ണമായും ചുമതല ഏല്‍പ്പിച്ചതില്‍ ഗ്രൂപ്പുകള്‍ക്ക് അതൃപ്തിയുണ്ട്. നിലവില്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന എം.എം ഹസന് ഒരിടത്തും സ്ഥാനം ലഭിച്ചില്ലെന്നത് എ ഗ്രൂപ്പിന്റെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ഒരുപോലെ അടുത്ത ബന്ധമുള്ളയാളാണ് മുല്ലപ്പള്ളിയെന്നത് ഗ്രൂപ്പുകള്‍ക്ക് തടസമാണ്. എങ്കിലും കൂട്ടായ വിലപേശലിലൂടെ കാര്യങ്ങള്‍ നേടിയെടുത്ത ചരിത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കുള്ളത്. കഴിഞ്ഞ ദിവസം എതിരഭിപ്രായം പ്രകടിപ്പിച്ച കെ. സുധാകരന്‍ പെട്ടെന്ന് നിലപാട് മാറ്റിയതിനു പിന്നില്‍പോലും ഗ്രൂപ്പ് തലവന്മാരുടെ ഇടപെടല്‍ തന്നെയാണ്. ഈ ഇടപെടല്‍ തന്നെയാണ് മുല്ലപ്പള്ളിയെ കാത്തിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."