ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ റെക്കോര്‍ഡുകളുടെ 'പ്രളയം'
തിരുവനന്തപുരം: പിരപ്പന്‍കോട് രാജ്യാന്തര നീന്തല്‍കുളത്തില്‍ ദേശീയ റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്തു നീന്തല്‍താരങ്ങള്‍. ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് നീന്തലില്‍ രണ്ടുദിനം കൊണ്ടു പിറന്നത് ഒന്‍പത് ദേശീയ റെക്കോര്‍ഡുകള്‍. ഇന്നലെ പുതിയ അഞ്ച് ദേശീയ റെക്കോര്‍ഡുകളിലേക്കാണ് താരങ്ങള്‍ നീന്തികയറിയത്. ആദ്യദിനത്തില്‍ അഞ്ച് ദേശീയ റെക്കോര്‍ഡുകള്‍ പിറന്നിരുന്നു. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും സ്വന്തം റെക്കോര്‍ഡുകള്‍ തന്നെ തിരുത്തിയും നീന്തല്‍കുളത്തില്‍ ഇന്ത്യയുടെ രാജ്യാന്തരതാരങ്ങള്‍ ഉള്‍പ്പടെ നീന്തിതുടിച്ചു. ആദ്യദിനത്തില്‍ സാജന്‍ പ്രകാശിലൂടെ രണ്ട് സ്വര്‍ണം നേടിയ കേരളത്തിന് ഇന്നലെ മെഡലൊന്നും നേടാനായില്ല. ഇന്നലെ നടന്ന ഒന്‍പത് ഫൈനലുകളില്‍ 4-100 പുരുഷ, വനിതാ മെഡ്‌ലേയില്‍ മാത്രമായിരുന്നു ഇന്നലെ കേരളത്തിന്റെ പ്രാധിനിത്യം.
സാജന്റെ റെക്കോര്‍ഡ് തിരുത്തി അദ്വൈത് പാജേ
പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റെക്കോര്‍ഡിലേക്ക് നീന്തിക്കയറി അദ്വൈത് പാജേ. 15.42.67 സെക്കന്റിലാണ് മധ്യപ്രദേശിന്റെ അദ്വൈത് പാജേ 2014 ല്‍ സാജന്‍ പ്രകാശ് സ്ഥാപിച്ച 15.45.83 സെക്കന്റ് ദേശീയ റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണം നേടിയത്. സിമ്മിങ് ഫെഡറേഷന്‍ താരം ആര്യന്‍ മഹീജ ദേശീയ റെക്കോര്‍ഡ് (15.43.06) പ്രകടനത്തോടെ വെള്ളി നേടി.
റിച്ച മിശ്രയ്ക്ക് കേരളം ഭാഗ്യനാട്
വനിതകളുടെ 400 മീറ്റര്‍ മെഡ്‌ലേയില്‍ ഒന്‍പതാണ്ടിന് ശേഷം സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി റിച്ച മിശ്രയുടെ മിന്നുന്ന പ്രകടനം. 4.59.17 സെക്കന്റിലാണ് ഇന്ത്യന്‍ പൊലിസ് താരമായ റിച്ച മിശ്ര 2009 ല്‍ സ്ഥാപിച്ച തിരുവനന്തപുരത്ത് 5.02.96 സെക്കന്റ് സമയമെന്ന സ്വന്തം ദേശീയ റെക്കോര്‍ഡ് വീണ്ടും തിരുത്തിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് റിച്ച വീണ്ടും ദേശീയ റെക്കോര്‍ഡിലേക്ക് നീന്തിക്കയറി ഇരട്ട സ്വര്‍ണം സ്വന്തമാക്കിയത്. 200 മീറ്റര്‍ മെഡ്‌ലേയിലും റിച്ച മിശ്ര സ്വര്‍ണം നേടിയിരുന്നു. ബംഗാളിന്റെ സയാനിഘോഷ് 5.20.59 വെള്ളിയും തമിഴ്‌നാടിന്റെ ബി ശക്തി (5.21.64) വെങ്കലവും നേടി.
സ്വന്തം റെക്കോര്‍ഡ് തിരുത്തി
സലോനി ദലാല്‍
പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ സ്വര്‍ണം നേടി സന്ദീപ് സേജ്വാള്‍. 2.15.76 സെക്കന്റിലാണ് ഡല്‍ഹിക്ക് വേണ്ടി സന്ദീപ് സ്വര്‍ണം നേടിയത്. തമിഴ്‌നാടിന്റെ എസ് ധനുഷ് (2.19.32) വെള്ളിയും സര്‍വീസസിന്റെ എസ് അരുണ്‍ (2.20.39) വെങ്കലവും നേടി. വനിതകളുടെ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളയില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി കര്‍ണാടകയുടെ സലോനി ദലാല്‍ സ്വര്‍ണം നേടി. 2016 ല്‍ റാഞ്ചിയില്‍ സലോനി തന്നെ സ്ഥാപിച്ച 2.44.37 സെക്കന്റ് സമയമാണ് 2.41.88 സെക്കന്റായി തിരുത്തിയത്. സിമ്മിങ് ഫെഡറേഷന്‍ താരം കരീന ഷാംഗ്ഥ (2.44.85) വെള്ളിയും റെയില്‍വേയുടെ ഹര്‍ഷിത ജയറാം (2.46.36) വെങ്കലവും നേടി. വനിതകളുടെ 50 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ ഗുജറാത്തിന്റെ പട്ടേല്‍ 30.11 സെക്കന്റില്‍ സ്വര്‍ണവും കര്‍ണാടകയുടെ സുവാന സി. ഭാസ്‌കര്‍ (30.78) വെള്ളിയും തമിഴ്‌നാടിന്റെ നിവ്യ രാജ (31.50) വെങ്കലവും നേടി. പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സിമ്മിങ് ഫെഡറേഷന്റെ വീര്‍ധവാല്‍ ഘാഡേ (22.80 സെക്കന്റ് ) സ്വര്‍ണവും റെയില്‍വേയുടെ ആരോണ്‍ ഡിസൂസ (23.52) വെള്ളിയും സിമ്മിങ് ഫെഡറേഷന്‍ താരം നീല്‍ റോയി (23.55) വെങ്കലവും നേടി. വനിതകളുടെ 4-100 മെഡ്‌ലേയില്‍ സിമ്മിങ് ഫെഡറേഷന്‍ ടീം 4.29.81 സെക്കന്റില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്വര്‍ണം നേടി. കര്‍ണാകട ടീം കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 4.31.70 സെക്കന്റ് സമയമാണ് തിരുത്തിയത്. 4.33.92 സെക്കന്റില്‍ കര്‍ണാടക വെള്ളിയും റെയില്‍വേ (4.34.47) വെങ്കലവും നേടി. പുരുഷന്മാരുടെ 4-100 മെഡ്‌ലേയില്‍ 3.51.04 സെക്കന്റില്‍ കര്‍ണാടക സ്വര്‍ണവും സര്‍വീസസ് (3.51.75) വെള്ളിയും ഡല്‍ഹി (3.51.85) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."