അടിപതറാതെ..
റോം: യുവേഫാ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം ദിവസം വമ്പന്‍ ടീമുകള്‍ക്കെല്ലാം ജയം. റയല്‍ മാഡ്രിഡ്, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബുകളായിരുന്നു ഇന്നലെ മത്സരത്തിനിറങ്ങിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലിയോണിനോട് പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്ന റയല്‍ മാഡ്രിഡിന്റെ ജയം. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ റയല്‍ മാഡ്രിഡ് അര്‍ഹിച്ച ജയമായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുറവ് ഒട്ടും മത്സരത്തില്‍ കണ്ടില്ല. ഗരത് ബെയിലും കരീം ബെന്‍സേമയും ചേര്‍ന്ന് ക്രിസ്റ്റിയുടെ റോള്‍ നിറവേറ്റി. 45-ാം മിനുട്ടില്‍ സ്പാനിഷ് താരം ഇസ്‌കൊയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. രണ്ടാം പകുതിക്ക് ശേഷം റോമ ഊര്‍ജം വീണ്ടെടുത്തെങ്കിലും 58-ാം മിനുട്ടില്‍ റയലിന്റെ രണ്ടാം ഗോളും പിറന്നു. ഗരത് ബെയിലിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. 91-ാം മിനുട്ടില്‍ മാരിയോനോ മൂന്നാമത്തെ ഗോളും റയലിന് മികച്ച വിജയം സമ്മാനിച്ചു. ലെപറ്റഗിക്ക് കീഴില്‍ ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരം തന്നെ മികച്ചതാക്കാന്‍ റയലിനായി. മൂന്ന് പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. റോമ നാലാം സ്ഥാനത്തും നില്‍ക്കുന്നു.
ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് 2-1 എന്ന സ്‌കോറിന് വലന്‍സിയയെ തോല്‍പ്പിച്ചു. യുവന്റസില്‍ തന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 29-ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയതിനെ തുടര്‍ന്ന് ഏറെ നേരം യുവന്റസ് താരങ്ങളും റഫറിയും തമ്മില്‍ വാക്കേറ്റം നടന്നു.
തുടര്‍ന്ന് പലപ്പോഴും ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തു. യുവന്റസിന്റെ രണ്ട് ഗോളുകളും പിറന്നത് പെനാല്‍റ്റിയില്‍ നിന്നായിരുന്നു. പരുക്കന്‍ കളിയെ തുടര്‍ന്ന് ആറു മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.
മിറാലെം പ്യാനിച്ചാണ് യുവന്റസിന് വേണ്ടി ഗോള്‍ നേടിയത്. രണ്ട് ഗോളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-0 എന്ന സ്‌കോറിന് ബയേണ്‍ മ്യൂണിക്ക് ബെന്‍ഫിക്കയെ പരാജയപ്പെടുത്തി. 10-ാം മിനുട്ടില്‍ ബയേണിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് ശേഷം പോര്‍ച്ചുഗീസ് താരം റൊനാറ്റോ സാഞ്ചസ് 54-ാമത്തെ മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. ചെക്ക് റിപ്പബ്ലിക്ക് ക്ലബയാ ലെസനും സി. എസ്. കെ. എ മോസ്‌കോയും തമ്മിലുള്ള മത്സരം 2-2 എന്ന സ്‌കോറിന് സമനിലയില്‍ കലാശിച്ചു. ആദ്യ പകുതിയില്‍ ലെസന്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോളും തിരിച്ചടിച്ചാണ് സി.എസ്.കെ.എ സമനില പിടിച്ചത്. 29, 41 മിനുട്ടുകളില്‍ മൈക്കല്‍ ക്രാമറിക്കായിരുന്നു ലെസന് വേണ്ടി ഗോള്‍ നേടിയത്. ഫയ്‌ദോര്‍ ചലോവ് (49), നിക്കോളാ വ്‌ലാസിച്ച് (95) എന്നിവരാണ് മോസ്‌കോക്ക് വേണ്ടി ഗോളുകള്‍ നേടിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബായ ലിയോണിനോട് 2-1 എന്ന സ്‌കോറിന് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ലിയോണ്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. 26-ാം മിനുട്ടില്‍ മാക്‌സ്വെല്‍ കോര്‍നെറ്റാണ് ലിയോണിന്റെ ആദ്യ ഗോള്‍ നേടിയത്. 43-ാം മിനുട്ടില്‍ നബില്‍ ഫകീര്‍ രണ്ടാം ഗോളും നേടി.
67-ാം മിനുട്ടില്‍ ബര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടി തോല്‍വിയുടെ ഭാരം കുറച്ചത്. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്റ് ക്ലബായ യങ് ബോയ്‌സിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് താരം പോള്‍ പോഗ്ബയാണ് മാഞ്ചസ്റ്ററിനായി രണ്ട് ഗോളും നേടിയത്. പോഗ്ബയുടെ ഒരു ഗോള്‍ പിറന്നത് പെനാല്‍റ്റിയില്‍ നിന്നായിരുന്നു. അന്റോണിയോ മാര്‍ഷ്യലിന്റെ വകയായിരുന്നു യുനൈറ്റഡിന്റെ മൂന്നാം ഗോള്‍. 35, 44 മിനുട്ടുകളിലായിരുന്നു പോഗ്ബ ഗോള്‍ നേടിയത്. 66-ാം മിനുട്ടിലായിരുന്നു മാര്‍ഷ്യലിന്റെ ഗോള്‍ പിറന്നത്. ചാംപ്യന്‍സ്‌ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."