രണ്ടാം ക്വാളിഫയര്‍ ഇന്ന്: മുംബൈ- കൊല്‍ക്കത്ത പോരാട്ടം
ബംഗളൂരു: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഏറ്റുമുട്ടും. എലിമിനേറ്റര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം ഏഴ് വിക്കറ്റിന് വീഴ്ത്തിയാണ് കൊല്‍ക്കത്ത രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് യോഗ്യത ഉറപ്പാക്കിയത്. നേരത്തെ റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റുമായുള്ള ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ പരാജയപ്പെട്ടാണ് മുംബൈ രണ്ടാം ക്വാളിഫയറിനെത്തുന്നത്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം 21ന് നടക്കുന്ന ഫൈനലില്‍ പൂനെയുമായി ഏറ്റുമുട്ടും.
മൂന്ന് മണിക്കൂറോളം മഴ പെയ്തതിനെ തുടര്‍ന്ന് കളി തടസപ്പെട്ടതോടെ പുനര്‍ നിര്‍ണയിക്കപ്പെട്ട വിജയ ലക്ഷ്യം മറികടന്നാണ് കൊല്‍ക്കത്ത യോഗ്യത നേടിയത്. ടോസ് നേടി കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങിന് വിടുകയായിരുന്നു. പിച്ചിന്റെ ആനുകൂല്യം മുന്നില്‍ കണ്ടാണ് ടോസ് അനുകൂലമായപ്പോള്‍ നായകന്‍ ഗംഭീര്‍ ബൗളിങ് തിരഞ്ഞെടുത്തത്. മികച്ച ബൗളിങിലൂടെ ഹൈദരാബാദ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടി കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ നായകന്റെ തീരുമാനം ശരിവച്ചു. നിശ്ചിത 20 ഓവറില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 37 റണ്‍സെടുത്ത് നായകന്‍ ഡേവിഡ് വാര്‍ണര്‍ ടോപ് സ്‌കോററായി. കെയ്ന്‍ വില്ല്യംസന്‍ 24ഉം വിജയ് ശങ്കര്‍ 22ഉം റണ്‍സെടുത്തു. മറ്റൊരാള്‍ക്കും കാര്യമായ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. കൊല്‍ക്കത്തക്കായി നതാന്‍ കൂള്‍ട്ടര്‍ നൈല്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികവ് പുലര്‍ത്തി. ഉമേഷ് യാദവ് രണ്ടും പിയൂഷ് ചൗള, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഹൈദരാബാദിന്റെ ബാറ്റിങ് അവസാനിച്ചതിന് പിന്നാലെ ബംഗളൂരുവില്‍ കനത്ത മഴ പെയ്തു. മൂന്ന് മണിക്കൂറോളം മഴ തുടര്‍ന്നതോടെ മത്സരം ഉപേക്ഷിച്ച് പോയിന്റ് പട്ടികയിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിനെ വിജയികളായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായി. മഴ ഒഴിഞ്ഞതോടെ മത്സരം ആറോവറാക്കി ചുരുക്കി കൊല്‍ക്കത്തയുടെ ലക്ഷ്യം 48 റണ്‍സായി നിശ്ചയിച്ചു.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയെ തുടക്കത്തില്‍ വിറപ്പിക്കാന്‍ ഹൈദരാബാദിനായി. 1.1 ഓവറില്‍ 12 റണ്‍സെടുക്കുന്നതിനിടെ വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ ഗംഭീര്‍ പതറാതെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചതോടെ പിന്നീട് വേവലാതികളില്ലാതെ കൊല്‍ക്കത്ത വിജയ തീരമണയുകയായിരുന്നു.
19 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും പറത്തി 32 റണ്‍സുമായി ഗംഭീര്‍ പുറത്താകാതെ നിന്നു. അഞ്ച് റണ്‍സുമായി ഇഷാന്ത് ജഗ്ഗി വിജയത്തില്‍ പങ്കാളിയായി. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. യൂസുഫ് പത്താന്‍ റണ്ണൗട്ടായി. കൂള്‍ട്ടര്‍ നൈലാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."