മലയാളം വേണം പക്ഷേ, പഠിക്കാത്തവര്‍ക്ക് പകരം അഡീഷണല്‍ ഇംഗ്ലീഷ്
എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമാണെന്ന് പറയുമ്പോഴും മലയാളം പഠിക്കാത്തവര്‍ക്കായി അഡിഷണല്‍ ഇംഗ്ലീഷ് പഠനം കൂടി. 2018ലെ മലയാള ഭാഷ ചട്ടം പ്രകാരം ഒന്നുമുതല്‍ പത്തുവരെ മലയാളം ഒരുഭാഷയായി പഠിപ്പിക്കണമെന്ന് പറയുന്ന കേരളത്തിലാണ് മലയാളം പഠിക്കാതെ പത്തിന്റെ കടമ്പ കടക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്.
2018ലെ നിയമപ്രകാരം ഇതരസംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ കേരളത്തില്‍ വന്ന് സ്‌കൂളുകളില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികളുടെ എണ്ണം ക്രോഡീകരിച്ച് ഈ മാസം 25നകം വിദ്യാഭ്യാസ ഉപ ഡയരക്ടര്‍മാര്‍ക്ക് അയക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ക്ക് കൈമാറണമെന്നും അതുപ്രകാരം മലയാള പുസ്തകങ്ങള്‍ ലഭ്യമാക്കണമെന്നുമാണ് നിര്‍ദേശം.
എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ വന്ന് സംസ്ഥാനത്ത് സ്‌കൂളുകളില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികളില്‍ മലയാളം അറിയാത്ത നിരവധി പേരുണ്ട്.
ഇതുകൂടാതെ മുന്‍ വര്‍ഷങ്ങളില്‍ മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണ് മലയാളത്തിനു പകരം അഡിഷണല്‍ സ്‌പെഷല്‍ ഇംഗ്ലീഷ് പഠിച്ചു പരീക്ഷയെഴുതാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് നേരിട്ട് ലഭിച്ചിട്ടുണ്ടെങ്കിലും ഇനി അത് വേണ്ട.
ഇതിനു പകരം അതത് സ്‌കൂളിന്റെ പ്രഥമാധ്യാപകന്‍ മുഖാന്തരം ശുപാര്‍ശ ചെയ്ത അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ശേഖരിച്ച് പരിശോധന പൂര്‍ത്തിയാക്കി ജൂലൈ 31നകം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് ലഭ്യമാക്കിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."