പാര്‍ട്ടിയില്‍ മേധാവിത്വമുറപ്പിച്ച് ഷിന്‍സോ ആബെ
ടോക്കിയോ: ജപ്പാനില്‍ സ്വന്തം പാര്‍ട്ടിയില്‍ മേധാവിത്വമുറപ്പിച്ച് പ്രധാനമന്ത്രി ഷിന്‍സോ ആബെ. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ആബെ വീണ്ടും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ വ്യക്തിയാകാനുള്ള വഴിയാണ് ആബെക്കുമുന്നില് തുറക്കുന്നത്. അതിനുപുറമെ രാജ്യത്തെ ഭരണഘടന പരിഷ്കരിച്ച് സ്വന്തം പാരമ്പര്യമുറപ്പിക്കാനും ആബെയ്ക്ക് അവസരമൊരുങ്ങും.
അടുത്തവര്‍ഷം നവംബറിലും പ്രധാനമന്ത്രി സ്ഥാനത്ത് ആബെ തുടരുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ദിവസം രാജ്യം ഭരിച്ച പ്രധാനമന്ത്രിയെന്ന ബഹുമതി അദ്ദേഹത്തിനു ലഭിക്കും. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകംവരെ രാജ്യം ഭരിച്ച താരോ കാറ്റ്സുറയുടെ റെക്കോര്‍ഡാണ് ആബെ മറികടക്കുക. 2,886 ദിവസമാണ് താരോ ജപ്പാന് ഭരിച്ചത്.
2006 സെപ്റ്റംബറിലാണ് ഷിന്‍സോ ആബെ ആദ്യമായി ജപ്പാന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2006-07 വര്‍ഷത്തിലുണ്ടായ കലുഷിതമായ ഭരണസാഹചര്യത്തെ തുടര്‍ന്ന് അദ്ദേഹത്തിനു രാജിവച്ചൊഴിയേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് 2012ലാണ് അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തിയത്. രാജ്യത്തിന്റെ സാമ്പത്തികനില ശക്തിപ്പെടുത്തുമെന്നും പ്രതിരോധം ശാക്തീകരിക്കുമെന്നും വാഗ്ദാനം നല്‍കിയായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്‍ പ്രതിരോധ മന്ത്രി ഷിഗെറു ഇഷിബയെയാണ് ആബെ പരാജയപ്പെടുത്തിയത്. ആബെയ്ക്ക് 553 വോട്ട് ലഭിച്ചപ്പോള്‍ ഇഷിബയ്ക്ക് 254 വോട്ടേ നേടാനായുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."