ചട്ടങ്ങള്‍ മാറ്റാനൊരുങ്ങി ഐപിഎല്‍
അടുത്ത സീസണ്‍ മുതല്‍ ഐപിഎല്‍ ചട്ടങ്ങള്‍ മാറിയേക്കുമെന്ന് സൂചനകള്‍. ഇതിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ 13ാം സീസണിലെ ഐപിഎല്‍ കൊവിഡ് കാരണം ഏറെ വൈകിയാണ് നടന്നതെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളില്‍ അടച്ചിച്ച സ്‌റ്റേഡിയത്തില്‍ കാണികളില്ലാതെയാണ് യുഎഇയില്‍ 13ാം സീസണ്‍ നടന്നത്.
2020ലെ ഐപിഎല്‍ ഏറെ വൈകിയതിനാല്‍ തന്നെ 2021ലെ അടുത്ത ഐപിഎല്ലിന് ഇനി ചുരുങ്ങിയത് അഞ്ചു മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2021ലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.
നിലവില്‍ എട്ടു ഫ്രാഞ്ചൈസികളാണ് ഐപിഎല്ലില്‍ കിരീടത്തിനു വേണ്ടി പോരടിക്കുന്നത്. പുതിയ സീസണില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് ബിസിസിഐ. രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി 2021ലെ ഐപിഎല്ലിന്റെ ഭാഗമായേക്കും. ഇതോടെ 10 ടീമുകളുള്‍പ്പെടുന്ന വലിയ ടൂര്‍ണമെന്റായി ഐപിഎല്‍ മാറും.
അഹമ്മദാബാദ് ആസ്ഥാനമായി ഒരു ഫ്രാഞ്ചൈസി അടുത്ത സീസണില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. പത്താമത്തെ ഫ്രാഞ്ചൈസി എവിടെ നിന്നായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ദീപാവലിക്കു ശേഷം പുതിയ ഫ്രാഞ്ചൈസികള്‍ക്കായി ബിസിസിഐ ടെന്‍ഡര്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021ലെ ഐപിഎല്ലില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കേരളത്തില്‍ നിന്നൊരു ടീം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. പ്രതീക്ഷക്ക് വക നല്‍കി ഇത്തവണത്തെ ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ സ്‌റ്റേഡിയത്തിലെത്തിയത് മറ്റൊരു അഭ്യൂഹത്തിന് കാരണമായിരിക്കുകയാണ്. സൂപ്പര്‍താരം മോഹന്‍ലാല്‍ അടുത്ത ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയുമായി വന്നേക്കുമെന്ന സൂചനയാണിതെന്ന് പലരും കരുതുന്നു. നേരത്തേ കൊച്ചി ടസ്‌കേഴ്‌സ് കേരളയെന്ന ടീം ഐപിഎല്ലിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഗ്യാരണ്ടിത്തുക കെട്ടിവയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐ അവരെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുകയായിരുന്നു.
വിദേശ ക്വാട്ട വര്‍ധപ്പിച്ചേക്കും
് 10 ടീമുകള്‍ വരുന്നതിനൊപ്പം മറ്റൊരു സുപ്രധാന മാറ്റം കൂടി 2021ലെ ഐപിഎല്ലില്‍ വന്നേക്കും. നിലവില്‍ നാലു വിദേശ താരങ്ങളെയാണ് ഒരു ഫ്രാഞ്ചൈസിക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളത്. ഇത് അഞ്ചാക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ സൂചനകള്‍.
ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ സന്തുലിതമായ പ്ലെയിങ് തിരഞ്ഞെടുക്കുകയെന്നത് ടീമുകള്‍ക്കു കൂടുതല്‍ വെല്ലുവിളിയായി തീരും. ഇപ്പോള്‍ തന്നെ പല ഫ്രാഞ്ചൈസികളും ശരിയായ കോമ്പിനേഷന്‍ കണ്ടെത്തുന്നതിനായി ടീമില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. നാലു വിദേശ താരങ്ങളെ നിയന്ത്രണം എടുത്തു കളഞ്ഞ് പകരം അഞ്ചു പേരെ ഉള്‍പ്പെടുത്താനായാല്‍ ഫ്രാഞ്ചൈസികള്‍ക്കു ഈ പ്രശ്‌നം മറികടക്കാന്‍ സാധിക്കുമെന്നു ഒരു ബിസിസിഐ ഒഫീഷ്യല്‍ അഭിപ്രായപ്പെട്ടു. നിയന്ത്രണം കാരണം നിലവില്‍ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും മികച്ച വിദേശ താരങ്ങളെ പുറത്തിരുത്തേണ്ടി വരുന്നുണ്ട്. വിദേശ താരങ്ങളുടെ എണ്ണം നാലിനു പകരം അഞ്ചാക്കി ഉയര്‍ത്തിയാല്‍ അത് ടീമുകള്‍ക്കും നേട്ടമായി മാറും. അതേ സമയം ഇന്ത്യന്‍ കളിക്കാര്‍ക്കുള്ള അവസരം കുറയുമെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."