പഠന വൈകല്യം പരിഹരിക്കാം; പഠിച്ച് മിടുക്കരാകാം
ഒരു അധ്യയന വര്‍ഷം കൂടി ആരംഭിച്ചിരിക്കുന്നു. രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ഒരുപക്ഷേ ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ കേട്ടത് കുട്ടികളെക്കുറിച്ചുള്ള രക്ഷിതാക്കളുടെ പരാതിയായിരിക്കും. തന്റെ കുട്ടി പഠിക്കുന്നില്ലെന്നും പരീക്ഷയ്ക്കായി എന്തെങ്കിലും ചെയ്തുകൊടുക്കണമെന്നും മറ്റുമായിരുന്നു പരാതി. ഈ പരാതിക്ക് രക്ഷിതാക്കളോട് സഹതാപമേയുള്ളൂ. കതിരില്‍ അല്ല വളം വയ്‌ക്കേണ്ടത് എന്നതുതന്നെകാരണം. വിത്താകുമ്പോള്‍ സംരക്ഷിക്കുകയും തൈ ആകുമ്പോള്‍ വളവും വെള്ളവും നല്‍കുകയും വേണ്ടിടത്ത് അതൊന്നും ചെയ്യാതെ പരാതി പറയുന്നതിലാണ് എതിര്‍പ്പ്.
മാര്‍ച്ചില്‍ പരീക്ഷയാകുമ്പോള്‍ രക്ഷിതാക്കള്‍ ഓടുന്ന ഈ ഓട്ടമുണ്ടല്ലോ അതിനുപകരം ആദ്യമേ ശ്രദ്ധിക്കുകയാണെങ്കില്‍ ചില പ്രശ്‌നങ്ങളെ ക്ഷമയോടെ നേരിടാനാവുകയും പരീക്ഷയെയും പഠനത്തെയും പേടിയില്ലാതെ രസകരമായിത്തന്നെ കൊണ്ടുപോകാന്‍ കഴിയുകയും ചെയ്യും.
സാമാന്യ ബുദ്ധിനിലവാരമുള്ള ഒരു കുട്ടിക്ക് പഠനത്തിന് വേണ്ടത്ര പ്രചോദനവും കുടുംബത്തില്‍ നിന്നും സ്‌കൂളില്‍ നിന്നും വേണ്ടത്ര പിന്തുണയും ലഭിച്ചിട്ടും പഠനനിലവാരക്കുറവ് ഉണ്ടാകുന്ന അവസ്ഥയെ പഠനവൈകല്യമായി കരുതാം. ഇത്തരം കുട്ടികളുടെ ബുദ്ധിനിലവാരം ശരാശരിയോ അതില്‍ കൂടുതലോ ആയിരിക്കും. പഠനവൈകല്യം പലതരത്തില്‍ പ്രകടമാകാറുണ്ട്.
പ്രധാനവൈകല്യങ്ങള്‍
പഠനവൈകല്യങ്ങളില്‍ പ്രധാനമായവയാണ് ഇവിടെ ചേര്‍ക്കുന്നത്.
1. ഡിസ് ലക്‌സിയ : വായനയിലും വായിച്ച കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലുമുള്ള പ്രശ്‌നങ്ങളാണ് ഡിസ് ലക്‌സിയ.
2. ഡിസ്ഗ്രാഫിയ : സ്വയം എഴുതുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കോ സ്വന്തമായോ പോലും മനസിലാക്കാനോ സ്വന്തം കൈയക്ഷരം സ്വയം വായിക്കാനോ കഴിയാതെവരുന്ന അവസ്ഥയാണ് ഡിസ്ഗ്രാഫിയ.
3. ഡിസ്‌കാല്‍ക്കുലിയ : കണക്കുകള്‍ കൂട്ടുന്നതിലോ കണക്ക് പഠിക്കുന്നതിലോ ഉള്ള പ്രശ്‌നങ്ങള്‍.
പഠിക്കാന്‍ മടി വൈകല്യമല്ല
പഠനവൈകല്യമെന്ന് പറഞ്ഞ് നമ്മള്‍ തള്ളിക്കളയുന്ന എല്ലാവരും പഠനവൈകല്യമുള്ളവരല്ല. ഒരു ചെറിയ കൗണ്‍സിലിങിലൂടെ, ആശ്വാസവചനങ്ങളിലൂടെ, പരിഗണനയിലൂടെ, കുറച്ച് കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിലൂടെ തൃപ്തികരമായ ഒരു പഠനനിലവാരത്തില്‍ അവരെ എത്തിക്കാന്‍ നമുക്ക് സാധിക്കും.
നാലോ അഞ്ചോ വയസുള്ള മക്കള്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമൊക്കെ അനായാസം കൈകാര്യം ചെയ്യാറുണ്ടെന്ന് പല രക്ഷിതാക്കളും പറഞ്ഞു കേള്‍ക്കാറുണ്ട്. ആരും പറഞ്ഞു കൊടുക്കാതെ തന്നെ സാങ്കേതിക വിദ്യകളും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളാന്‍ ഒരു കുട്ടിക്ക് കഴിയുന്നു എന്നതാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഈ കുട്ടി സ്വയം സ്വായത്തമാക്കിയവ നമുക്ക് മനസിലാക്കണമെങ്കില്‍ ഒരുപക്ഷേ കാറ്റലോഗോ പരസഹായമോ വേണ്ടിവന്നേക്കാം. വരുംതലമുറയുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ മൊബൈല്‍ നിര്‍മാതാക്കള്‍ അവരുടെ ഉത്പന്നങ്ങളില്‍ വരുത്തുന്നതുകൊണ്ടാണ് ഈ സാങ്കേതികവിദ്യ ജീവിതത്തില്‍ ഇന്നുവരെ പരിചയിച്ചിട്ടില്ലാത്ത കുട്ടിക്കുപോലും അനായാസം സ്വായത്തമാക്കുവാന്‍ കഴിയുന്നത്.
ഇതുപോലെ പഠനരീതികളും അവരുടെ അഭിരുചിക്കനുസരിച്ച് മാറ്റുകയാണെങ്കില്‍ പഠനപ്രശ്‌നങ്ങളും കുറെയൊക്കെ നമുക്ക് പരിഹരിക്കാന്‍ കഴിയും.
മക്കളെ എങ്ങനെ മിടുക്കരാക്കാം
രക്ഷിതാക്കള്‍ കുട്ടികളുമായുള്ള അവരുടെ അടുപ്പത്തില്‍ വരുത്തുന്ന മാറ്റങ്ങളും ആരോഗ്യകരമായ സ്‌കൂള്‍ ചുറ്റുപാടും അധ്യാപകരുടെ ശ്രദ്ധയും ഒക്കെ ചേരുന്നതോടെ ഒരു കുട്ടി മിടുക്കുകാട്ടിത്തുടങ്ങും. കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
1. പഠനപ്രശ്‌നങ്ങളുള്ള ഒരു കുട്ടിക്ക് എന്തെല്ലാം ചെയ്യാം, എന്തെല്ലാം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്നിവ അധ്യാപകരും രക്ഷിതാക്കളും മനസിലാക്കുകയും അതിനനുസരിച്ചുള്ള പഠനരീതികള്‍ ആസൂത്രണം ചെയ്യുകയും വേണം.
2. കുട്ടികളുമായി രക്ഷിതാക്കള്‍ക്കുള്ള സമീപനം വ്യക്തവും സംക്ഷിപ്തവുമായ നിര്‍ദേശങ്ങള്‍ അടങ്ങിയതായിരിക്കണം.
3. ഓരോ കുട്ടിയുടേയും അഭിരുചിക്കനുസരിച്ചുള്ള ലളിതവും രസകരവുമായ പഠനരീതി രക്ഷിതാക്കള്‍ തെരഞ്ഞെടുക്കണം. ഇതിന് സഹായകരമായ മൊബൈല്‍ ആപ്പുകളും, സോഫ്റ്റ്‌വെയറുകളും ഇപ്പോള്‍ ലഭ്യമാണ്.
4. കുട്ടിയുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും നല്ല പെരുമാറ്റരീതികളെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും.
5. വീട്ടില്‍ എന്തെങ്കിലുമൊക്കെ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കുട്ടികളെക്കൂടി അതില്‍ ഉള്‍പ്പെടുത്തുകയും അവര്‍ക്ക് ചെറുതെങ്കിലും ചുമതലകള്‍ നല്‍കുകയും വേണം.
6. കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാനും കാര്യങ്ങളെ ശ്രദ്ധയോടെ സമീപിക്കാനും പ്രാപ്തരാക്കുക.
7. കലാരംഗത്തോ കായികരംഗത്തോ ഫോട്ടോഗ്രാഫിയിലോ കംപ്യൂട്ടറിലോ കൂട്ടി താല്‍പര്യം കാണിക്കുന്നുവെങ്കില്‍ ആവശ്യമായ പിന്തുണ നല്‍കിയാല്‍ മെച്ചപ്പെട്ട പ്രകടനം അവര്‍ കാഴ്ചവയ്ക്കും.
8. മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നതും അമിതമായി വിമര്‍ശിക്കുന്നതു ദേഷ്യപ്പെടുന്നതും ശിക്ഷിക്കുന്നതും കുട്ടിയുടെ ആത്മാഭിമാനത്തേയും ആത്മവിശ്വാസത്തേയും ചോദ്യം ചെയ്യുന്നതും തകര്‍ക്കുന്നതുമാണ്.
9. കുട്ടികളുമായി ഇടപഴകാന്‍ സമയം കണ്ടെത്തുകയും ആ സമയത്ത് ടെലിവിഷനെയും മൊബൈല്‍ ഫോണിനെയും രക്ഷിതാക്കള്‍ അകറ്റിനിര്‍ത്തുകയും വേണം.
10. രക്ഷിതാക്കള്‍ തങ്ങളുടെ പ്രതീക്ഷകള്‍ മക്കളുമായി പങ്കുവയ്ക്കുകയും അവരുടെ അഭിപ്രായം ശ്രദ്ധിക്കാന്‍ മനസുകാണിക്കുകയും വേണം.
11. പരീക്ഷ എന്നുപറഞ്ഞ് കുട്ടികളെ പേടിപ്പിക്കാതെ പഠിച്ച് ഉന്നത സ്ഥാനങ്ങളിലെത്തിയാലുള്ള നേട്ടങ്ങളെക്കുറിച്ച് കുട്ടിയെ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്.
പഠനവൈകല്യം
ശ്രദ്ധയില്‍പെട്ടാല്‍
പഠന വൈകല്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടനെതന്നെ ഡോക്ടറുടെ അടുത്തേക്കോടുന്നതിനുമുന്‍പ് രക്ഷകര്‍ത്താക്കള്‍ സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. കുട്ടിക്ക് മാനസികവും ശാരീരികവുമായ പിന്തുണ നല്‍കുക എന്നതാണ് അതില്‍ പ്രധാനം.
2. അധ്യാപകരുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടതും അവരോട് ഇക്കാര്യം പറയുകയും വേണം.
3. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ഡോക്ടറുടെയോ മനശ്ശാസ്ത്ര വിദഗ്ധന്റെയോ കൗണ്‍സിലറുടെയോ സഹായം തേടുകയും വേണം.
ഓര്‍ക്കുക, മിടുക്കന്‍മാരായി വന്ന മിക്കവരും എല്‍.കെ.ജി മുതല്‍ റാങ്ക് വാങ്ങി വന്നവരല്ല. പത്താം ക്ലാസിലും പ്ലസ് ടുവിനുമൊക്കെ റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നവരും ചെറിയ ശതമാനം മാത്രമാണ്. അവരുടെ കഴിവ് കണ്ടെത്താന്‍ രക്ഷിതാക്കളും അധ്യാപകരും പരാജയപ്പട്ടതായിരിക്കാം ഒരുപക്ഷേ ചെറുപ്പത്തിലേ അവരുടെ മികവുകണ്ടെത്താന്‍ കഴിയാതെപോയതിനു കാരണം. നമ്മള്‍ നമ്മുടെ മക്കളുടെ പരാജയത്തിന് ഒരിക്കലും ഒരു കാരണമാകാന്‍ പാടില്ലെന്ന് ഓര്‍മയുണ്ടാവണം. നമ്മുടെ മക്കളുടെ കഴിവുകള്‍ നമ്മളാണ് തിരിച്ചറിയേണ്ടത്. അതുമാത്രമാണ് അതിനുള്ള പോംവഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."