'സി.ഒ.ടിയെ കൈകാര്യം ചെയ്യണം'
തലശേരി: 'സി.ഒ.ടിയെ കൈകാര്യം ചെയ്യണം, കൈകൊണ്ട് അടിച്ചാല്‍ മാത്രം മതി. നീ പോകണ്ട, ആരെയെങ്കിലും ഏര്‍പ്പാട് ചെയ്യണം'; വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ 12ാം പ്രതി എന്‍.കെ രാജേഷ് സംഭവത്തിലെ മുഖ്യസൂത്രധാരനായ കുണ്ടുചിറ സ്വദേശി പൊട്ട്യന്‍ സന്തോഷിനോടു ഫോണില്‍ ആവശ്യപ്പെട്ടതാണിത്. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ വി.കെ വിശ്വംഭരന്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആണ് ഈ വിവരങ്ങളുള്ളത്. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവറുമായ എന്‍.കെ രാജേഷിനെ (36) കോടതി റിമാന്‍ഡ് ചെയ്തു. ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജൂലൈ അഞ്ചുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 25നു രാത്രി ചോനാടം കിന്‍ഫ്രാ പാര്‍ക്കിനു സമീപം ഇന്നോവ കാറില്‍ വന്ന രാജേഷ് ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ പൊട്ട്യന്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ആക്രമണം നടക്കുന്നതിന്റെ തലേന്ന് മെയ് 17നു രാത്രി രാജേഷ് സന്തോഷിനെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ആക്രമിക്കാനുള്ള പദ്ധതിയെക്കുറിച്ച് ആരാഞ്ഞു. എല്ലാം റെഡിയാണെന്ന സന്തോഷിന്റെ മറുപടിയാണ് രാജേഷിനു ലഭിച്ചത്. അടുത്തദിവസം രാത്രി ആക്രമണം നടക്കുന്നതിനു തൊട്ടുമുന്‍പും ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ചോദ്യംചെയ്യലില്‍ ഇരുപ്രതികളും നല്‍കിയ മൊഴികള്‍ ശരിയാണെന്ന് അന്വേഷണസംഘം പറഞ്ഞു.
അതിനിടെ ക്വട്ടേഷന്‍ സംഘത്തില്‍ മാത്രം വധശ്രമക്കേസ് ഒതുങ്ങുന്നതായി ആക്ഷേപമുണ്ട്. ആക്രമണത്തിനിരയായ സി.ഒ.ടി നസീര്‍ തന്നെ കേസന്വേഷണത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. അടുത്തദിവസം ഹൈക്കോടതിയെ സമീപിക്കാനാണു നസീറിന്റെ തീരുമാനം. കേസില്‍ 12 പേരാണുള്ളതെന്നാണ് പുതുക്കിയ പ്രതിപ്പട്ടികയില്‍ പൊലിസ് വ്യക്തമാക്കുന്നത്. ഏഴുമുതല്‍ 11 വരെയുള്ള പ്രതികളെയാണ് ഇനിയും പിടികൂടാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."