ഡോക്ടര്‍മാരുടെ ഭാഗത്ത് അശ്രദ്ധയെന്ന് മൊഴി
ആര്‍പ്പൂക്കര: ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ തിടുക്കവും അശ്രദ്ധയുമാണ് രോഗം ഇല്ലാത്ത താന്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയാകാന്‍ കാരണമായതെന്ന് പരാതിക്കാരി തെളിവെടുപ്പ് സംഘത്തിന് മൊഴി നല്കി. കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ എത്തിയ ഉന്നതതല സംഘത്തിന് പരാതിക്കാരി മൊഴി നല്‍കിയത്. മെഡിക്കല്‍ കോളജിലെ പതോളജി ലാബിലെ ബയോപ്സി ഫലം വരുന്നതുവരെ കാത്തു നില്ക്കുവാന് തയാറാകാതെ സ്വകാര്യ ലാബ്, സ്കാനിങ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച തെറ്റായ പരിശോധന ഫലം അനുസരിച്ച് ചികിത്സിക്കേണ്ടി വന്ന സംഭവത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് പരാതിക്കാരിയായ മാവേലിക്കര സ്വദേശിനി രജനി (38) ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.45 നാണ് അന്വേഷണ സംഘം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴിയെടുത്തത്. ശനിയാഴ്ച രാവിലെ 10.30 ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ആയിരുന്നു നേരത്തെ മൊഴിയെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരാതിക്കാരിയെ കൂടുതല്‍ യാത്ര ചെയ്യിക്കേണ്ടന്ന സംഘത്തിന്റെ വിലയിരുത്തലാണ് പിന്നീട് ചെങ്ങന്നൂരിലേക്ക് മാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണ സംഘം എത്തിയിരിന്നെങ്കിലും പരാതിക്കാരി എത്തിച്ചേരാഞ്ഞതിനാല് രാത്രിയോടെ സംഘം മടങ്ങുകയായിരിന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ.അജയ് കുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി മേധാവി ഡോ.വിശ്വനാഥന്, ആലപ്പുഴ മെഡിക്കല്‍ കോളജിലെ പതോളജി മേധാവി ഡോ.രമാ പ്രിയ ദര്‍ശിനി എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."