ഡിജി ലോക്കര്‍ രേഖകള്‍ സാധുവാക്കി; ബുക്കും പേപ്പറും ഇനി മൊബൈലില്‍ കാണിച്ചാല്‍ മതി
തിരുവനന്തപുരം: പൊലിസിന്റെ വാഹനപരിശോധനയ്ക്കിടെ ആര്‍.സി ബുക്കും മറ്റു രേഖകളും കൈയിലില്ലെങ്കില്‍ വിഷമിക്കേണ്ട. രേഖകള്‍ ഇനി മുതല്‍ മൊബൈല്‍ ഫോണിലൂടെ കാണിച്ചാല്‍ മതിയാകും. കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കര്‍, എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ നിയമപരമായ സാധുതയോടെ പൊലിസ് അംഗീകരിക്കും. കേന്ദ്രനിര്‍ദേശ പ്രകാരം ഡിജിലോക്കര്‍ അംഗീകൃതരേഖയായി കണക്കാക്കണമെന്ന് പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
മോട്ടോര്‍ വാഹന നിയമ പ്രകാരം ബന്ധപ്പെട്ട നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നല്‍കേണ്ടതുണ്ട്. എന്നാല്‍, ഇനി മുതല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള ഡിജിലോക്കറില്‍ ഐ.ടി ആക്റ്റ് പ്രകാരം നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധനക്കായി കാണിച്ചാല്‍ മതി.
രേഖകളുടെ ഒറിജിനലോ പകര്‍പ്പ് കടലാസ് രേഖയായോ കൈവശം വയ്‌ക്കേണ്ട ആവശ്യമില്ല. നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കേണ്ടി വരുമ്പോള്‍ രേഖകള്‍ പിടിച്ചെടുക്കാതെ തന്നെ നിയമപാലകര്‍ക്ക് ആ വിവരം ഡിജിലോക്കറില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.
രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്ന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്നതിനോ ഷെയര്‍ ചെയ്ത് നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം.
മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റുകള്‍ തുടങ്ങിയവയില്‍ ഡിജിലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്ക് രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം. നേരത്തേ കൈവശത്തിലിരിക്കുന്ന കടലാസ് രേഖകള്‍ സ്‌കാന്‍ ചെയ്ത് സ്വയം ഡിജിറ്റലൈസ് ചെയ്യുകയും ഇ ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജിലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യാം. ജില്ലാ പൊലിസ് മേധാവിമാര്‍ ഇക്കാര്യം ട്രാഫിക് പരിശോധനയിലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഡി.ജി.പി സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."