നാളെ മുതല്‍ സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് അന്തര്‍സംസ്ഥാന ബസുടമകള്‍
കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് മുഴുവന്‍ അന്തര്‍സംസ്ഥാന ബസ് സര്‍വിസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സംഘടനയായ ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ -കേരള (ഐ.ബി.ഒ.എ) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മറ്റു ബസ് ഉടമകളെ പീഡിപ്പിക്കുന്നത്. 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍നിന്നു ദിവസേന പതിനായിരം രൂപ പിഴയിനത്തില്‍ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി അടക്കമുള്ളവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടിയുണ്ടായില്ല. പ്രതിദിനം ഒരു വാഹനത്തിന് പതിനായിരം രൂപ പിഴ അടച്ച് മുന്നോട്ടുപോകാന്‍ മാര്‍ഗമില്ലാതെ വന്നതിനാലാണ് സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് സംഘടന വ്യക്തമാക്കി.
യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും മികച്ച സേവനം നല്‍കുന്നതിനും നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാരുമായി എല്ലാവിധത്തിലും സഹകരിക്കുന്നതിന് തയാറാണെന്ന് സംഘടന നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. കോടിക്കണക്കിനു രൂപ വായ്പയെടുത്ത് ഈ വ്യവസായത്തില്‍ മുടക്കിയിട്ടുള്ള ബസ് ഉടമകളെ ആത്മഹത്യയിലേക്കു നയിക്കാനാണ് ഗതാഗതവകുപ്പും സര്‍ക്കാരും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."