ക്രിമിനല്‍ കേസിന്റെ പേരില്‍ പാസ്‌പോര്‍ട്ട് നിഷേധിക്കാനാവില്ല
നാദാപുരം: ക്രിമിനല്‍ കേസിന്റെ പേരില്‍ പാസ്‌പോര്‍ട്ട് തടയാനാകില്ലെന്ന കോടതിവിധി വിദേശ തൊഴിലന്വേഷകര്‍ക്ക് ആശ്വാസകരമാകും. വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്ന നിരവധി പേരാണു ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളത്. രാഷ്ട്രീയ സംഘര്‍ഷം പതിവായുള്ള പല മേഖലകളിലും നിരവധി പേര്‍ ക്രിമിനല്‍ കേസുകളില്‍പെടാറുണ്ട്.
പഠനം പൂര്‍ത്തിയാക്കിയവര്‍ മുതല്‍ കോളജ് വിദ്യാഭ്യാസം തുടരുന്നവര്‍ വരെയുള്ള ആളുകളാണ് പലപ്പോഴായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ പൊലിസ് ചാര്‍ജ് ചെയ്യുന്ന കേസില്‍ പ്രതിചേര്‍ക്കപ്പെടാറുള്ളത്. ഇത്തരത്തില്‍ പ്രതിപ്പട്ടികയില്‍ പേരുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാകണമെങ്കില്‍ പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.
കേസില്‍ എഫ്.ഐ.ആര്‍ മാത്രം രേഖപ്പെടുത്തി കോടതി നടപടികള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കും പാസ്‌പോര്‍ട്ട് ലഭ്യമായിരുന്നില്ല. കേസ് നടപടികള്‍ പൂര്‍ത്തിയായി കോടതിയില്‍ നിന്ന് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പാസ്‌പോര്‍ട്ട് ലഭ്യമായിരുന്നുള്ളൂ. ഈ പ്രക്രിയ അവസാനിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും എന്നതിനാല്‍ വിദേശജോലി ആഗ്രഹിച്ചിരുന്ന പലര്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കാതെ പോയിരുന്നു. അതേസമയം കേസില്‍ അകപ്പെട്ടവര്‍ നേരത്തെ ലഭിച്ച പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കേണ്ട സാഹചര്യവും നിരവധിയാണ്.
എന്നാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് തടയാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് അപേക്ഷകര്‍ക്ക് ആശ്വാസകരമാകും. കുറ്റപത്രം നല്‍കിയതോ കോടതിയുടെ പരിഗണനയിലുള്ളതോ ആയ കേസുകളിലാണു പാസ്‌പോര്‍ട്ടിന് തടസമെന്നു കോടതി വ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ടിനുള്ള പൊലിസ് പരിശോധനാ റിപ്പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ക്കൊപ്പം കേസ് ഏതു ഘട്ടത്തിലെത്തിയെന്ന വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടിനുള്ള മാര്‍ഗനിര്‍ദേശമനുസരിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം കേസ് പരിഗണനയില്‍ ആണെന്ന് കരുതാനാവില്ല. കുറ്റപത്രം നല്‍കി, കോടതിയുടെ പരിഗണനയിലുള്ള ക്രിമിനല്‍ കേസുകളാണു പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
തന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതിനെതിരേ വടകര സ്വദേശിയായ മുഹമ്മദ് നല്‍കിയ ഹരജിയിലാണു ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."