യു.എസ് മോദിവിഷം അതിജീവിക്കുമോ!
നവംബര്‍ ഏഴിന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ആയിരുന്നു സാമൂഹ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ടെലിവിഷനിലും നിറഞ്ഞുനിന്നത്. ജമൈക്കന്‍ പിതാവിന്റെയും ഇന്ത്യന്‍ വംശജയായ അമ്മയുടെയും മകള്‍ ചരിത്രം സൃഷ്ടിക്കുകയും അവരെ ഒരു ദേശീയ ബിംബമായി രാജ്യം ആഘോഷിക്കുകയുമായിരുന്നു അന്ന്.
കമല പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബെയ്ഡനെ പരിചയപ്പെടുത്താന്‍ സ്റ്റേജില്‍ കയറുന്നതിന്റെ തൊട്ടടുത്ത മണിക്കൂറുകള്‍ മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബൈഡനുമായുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ബൈഡന്‍ പ്രസിഡന്റായാല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്കെത്തുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. സെനറ്റിന്റെ വിദേശകാര്യ കമ്മിറ്റി ചെയര്‍മാനായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇന്ത്യയുമായി ശക്തമായ ബന്ധം നിലനിര്‍ത്താന്‍ വേണ്ടി വാദിച്ചയാളായിരുന്നു ബൈഡന്‍. 2020ല്‍ ലോകത്തിലെ ഏറ്റവും അടുത്തബന്ധമുള്ള രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും അമേരിക്കയും ആകണമെന്നാണ് തന്റെ സ്വപനമെന്ന് അദ്ദേഹം 2006ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോദി അതെല്ലൊം താറുമാറാക്കാനാണ് സാധ്യത. പ്രസിഡന്റ് ട്രംപുമായുള്ള മോദിയുടെ പാരസ്പര്യം പരസ്യമായിരുന്നുവെങ്കിലും മോദിയുടെ മനുഷ്യത്വരഹിതമായ ഏകാധിപത്യവും കശ്മിരിലെ അടിച്ചമര്‍ത്തല്‍ പോലുള്ള മനുഷ്യാവകാശങ്ങളോടുള്ള പരസ്യമായ അവഗണനയും കാരണം പരസ്പര ബഹുമാനത്തോടെയുള്ള സഹകരണത്തിനു അത് വിഘാതമായിത്തീരും.
2019 ഓഗസ്റ്റില്‍ കശ്മിരിന്റെ പ്രത്യേക നിര്‍ണയാധികാരം ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകളയുകയും നിരോധനാജ്ഞയിലൂടെ അനന്തകാലം കശ്മിര്‍ താഴ്‌വരയെ നിശ്ചലമാക്കുകയും വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം റദ്ദാക്കുകയും എതിര്‍ക്കുന്നവരുടെ മനുഷ്യാവകാശങ്ങളെയല്ലാം കാറ്റില്‍പ്പറത്തുകയും ചെയ്തു മോദി സര്‍ക്കാര്‍. ഉദാസീനമായ നിലപാടിന്റെ ഉത്തമ ഉദാഹരണമായിരുന്നു കശ്മിര്‍ വിഷയത്തില്‍ ട്രംപ് സ്വീകരിച്ചത്. 2020 ഫെബ്രുവരിയിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചത്. അന്ന് ന്യൂഡല്‍ഹിയിലെ അതിസമ്പന്നരുടെ കൂടെ ട്രംപ് അത്താഴവിരുന്നു നടത്തുമ്പോള്‍ പുറത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ നരനായാട്ട് നടക്കുകയായിരുന്നു. സമീപകാല ഇന്ത്യ കണ്ട ഏറ്റവും ഹീനമായ വര്‍ഗീയ കലാപത്തെക്കുറിച്ച് പിറ്റേന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എവിടെയും തൊടാതെയാണ് ട്രംപ് മറുപടി പറഞ്ഞത്. ട്രംപിന്റെ ഈ നിലപാടില്‍ മോദി അതീവസന്തുഷ്ടനായി.
ഇതില്‍ നിന്നെല്ലാം വിരുദ്ധമായി, തന്റെ തെരഞ്ഞെടുപ്പു പ്രചാരണ വെബ്‌സൈറ്റില്‍ ജോ ബൈഡന്‍ ഇന്ത്യയിലെ പ്രത്യേകിച്ചും കശ്മിരിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര പേപ്പര്‍ പ്രസിദ്ധീകരിച്ചു. 'കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. വിമതസ്വരത്തെ അടിച്ചമര്‍ത്തുന്നതും സമാധാനപരമായ പ്രതിഷേധ സമരങ്ങളെ നിരോധിക്കുന്നതും ഇന്റര്‍നെറ്റ് ഇല്ലാതാക്കുന്നതും ജനാധിപത്യ വ്യവസ്ഥിതിയെ ക്ഷയിപ്പിക്കും'. നിര്‍ഭാഗ്യകരവും വിവാദപരവും വിവേചനപൂര്‍ണവുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും ബൈഡന്റെ ലേഖനത്തില്‍ പരാമര്‍ശമുണ്ട്. 'ഈ നടപടികളെല്ലാം ഇന്ത്യയുടെ കാലങ്ങളായുള്ള വിവിധ വര്‍ഗങ്ങളെയും വംശങ്ങളെയും മതങ്ങളെയും നിലനിര്‍ത്തുന്ന മതനിരപേക്ഷതക്കേറ്റ പ്രഹരമാണ്' എന്നാണ് ബൈഡന്‍ അതില്‍ വ്യക്തമാക്കിയത്.
കശ്മിര്‍ വിഷയത്തില്‍ മോദിയെ വിമര്‍ശിച്ച് 2019ല്‍ കമല ഹാരിസ് പ്രസ്താവനയിറക്കിയിരുന്നു. 'ഞങ്ങള്‍ക്ക് കശ്മിരികളോട് പറയാനുള്ളത് നിങ്ങളീ ലോകത്ത് തനിച്ചല്ല. നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ ഇടപെടേണ്ട കാര്യമുണ്ട് എന്നാണ് കമല ഹാരിസ് വ്യക്തമാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധിയായ പ്രമീള ജയപാല്‍ കശ്മിരിനു വേണ്ടി പ്രമേയം കൊണ്ടുവന്നു. എല്ലാ വര്‍ത്താ വിനിമയ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയും പുനഃസ്ഥാപിക്കാനും മതസ്വാതന്ത്ര്യം നിലനിര്‍ത്താനും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രമേയം.
അന്ന് അമേരിക്ക സന്ദര്‍ശിക്കുകയായിരുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കര്‍ പ്രമേയത്തില്‍ കലിപൂണ്ട് ജയ്പാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രതിനിധികളുമായുള്ള യോഗം പെട്ടെന്ന് അവസാനിപ്പിച്ചു പോയി. 'ഇത് കാണിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ യാതൊരു എതിര്‍ അഭിപ്രായം പോലും സ്വീകരിക്കാന്‍ തയാറാവുന്നില്ല എന്നാണ്' പ്രമീള ജയ്പാല്‍ അഭിപ്രായപ്പെട്ടു.
അന്ന് കമല ഹാരിസാണ് പ്രമീള ജയ്പാലിന് ശക്തമായ പിന്തുണയുമായി എത്തിയത്. കാപ്പിറ്റല്‍ ഹില്ലില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രതിനിധി യോഗത്തില്‍ അവര്‍ എന്തു പ്രമേയം കൊണ്ടുവരണമെന്ന് ഒരു വിദേശ സര്‍ക്കാര്‍ തീരുമാനിക്കുന്നത് അനുചിതമാണ് എന്നാണ് കമല ഹാരിസ് ട്വീറ്റ് ചെയ്തത്. ബൈഡന്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരുകാര്യം ഉറപ്പാണ് ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ അവര്‍ കണ്ണടയ്ക്കില്ല. ഇന്ത്യയിലെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അടച്ചുപൂട്ടിയതും വിദ്യാര്‍ഥികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരയെും അന്യായമായി തടവിലിട്ട് പീഡിപ്പിക്കുന്നതും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമൊക്കെ അവര്‍ക്ക് കണ്ണടച്ചുകളയാനാവില്ല. ഒബാമ ഭരണകാലത്തെ ഉപദേശകനും ഇന്തോ-യു.എസ് ബന്ധത്തെ സസൂക്ഷമം നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാള്‍ പറഞ്ഞത് ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ബൈഡനും കമല ഹാരിസും ശ്രമിക്കുന്നത് നയതന്ത്രപരമായി രാജ്യത്തിന് നല്ലതാണെങ്കിലും മോദിയുടെ നയങ്ങളെക്കുറിച്ച് അമേരിക്കയിലെ ഹിന്ദു ഗ്രൂപ്പ്‌സ് പറയുന്നത് മുഴുവനും കണ്ണടച്ചു കേള്‍ക്കാന്‍ ഇരുവരും നിന്നെന്നുവരില്ല എന്നാണ്.
വൈറ്റ് ഹൗസില്‍ നിന്നും ട്രംപ് പടിയിറങ്ങുന്നതോടെ ജനാധിപത്യ സംരക്ഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ പ്രതീക്ഷയിലാണ്. ബൈഡന്റെ ഇന്ത്യയെക്കുറിച്ചുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ ഒരേസമയം പ്രതീക്ഷയും ആകാംക്ഷയുമാണ്. 2015ല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരേ നടന്ന ആക്രമണത്തെ അപലപിച്ച് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയുണ്ടായി. 'അടുത്തകാലത്തായി എല്ലാ മതത്തില്‍പ്പെട്ടവരും മറ്റു മതവിശ്വാസത്തിലുള്ളവരെ അവരവരുടെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ആക്രമിക്കുകയാണ്. ഇന്ന് ഗാന്ധിജിയുണ്ടായിരുന്നെങ്കില്‍ ഇത് അദ്ദേഹത്തെ ഞെട്ടിക്കുമായിരുന്നു' ഒബാമ പറഞ്ഞു. പ്രസ്താവന അന്ന് ഇന്ത്യയില്‍ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും ഒബാമ ഉറച്ചുനിന്നു.
ഇനി ഇന്ത്യ ഉറ്റുനോക്കുന്നത്, ഒബാമയുടെ കാഴ്ചപാടുകള്‍ ബൈഡന്‍ നിലനിര്‍ത്തുമോ എന്നും നോട്ടുനിരോധനത്തിലും വിഭാഗീയതയിലും വലയുന്ന ഇന്ത്യക്ക് അദ്ദേഹം വാഗ്ദാനം ചെയ്ത മറുമരുന്നുമായി എത്തുമോ എന്നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."