ജമ്മു കശ്മിര്‍ ഭൂനിയമങ്ങളില്‍ ഭേദഗതി കശ്മിരില്‍ ജനസംഖ്യാ അട്ടിമറിക്കായുള്ള കുടിയേറ്റത്തിന് വേദിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ സുപ്രധാനമായ ഭൂനിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ ജനസംഖ്യാ അട്ടിമറിക്കായുള്ള കുടിയേറ്റത്തിന് വേദിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 1970ലെ ജമ്മു കശ്മിര്‍ ഡെവലപ്‌മെന്റ് ആക്ട്, 1996ലെ ജമ്മു കശ്മിര്‍ ലാന്‍ഡ് റവന്യൂ ആക്ട്, 1976ലെ അഗ്രേറിയന്‍ റിഫോംസ് ആക്ട്, 1960ലെ ജമ്മു കശ്മിര്‍ ലാന്റ് ഗ്രാന്റ് ആക്ട് എന്നീ ഭൂമിയുമായി ബന്ധപ്പെട്ട നാലു സുപ്രധാന നിയമങ്ങളാണ് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്.
ഈ നാലു നിയമങ്ങള്‍ ഉള്‍പ്പെടെ 14 നിയമങ്ങളിലാണ് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. മറ്റു 12 നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.
1996ലെ ജമ്മു കശ്മിര്‍ ഡെവലപ്‌മെന്റ് ആക്ടിലാണ് സര്‍ക്കാര്‍ ഏറ്റവും ഗൗരവമുള്ള ഭേദഗതികള്‍ വരുത്തിയത്. ഇതിലെ ഭൂമി വാങ്ങാനുള്ള അധികാരം കശ്മിരിലെ സ്ഥിരതാമസക്കാര്‍ക്ക് എന്ന ഭാഗമാണ് ഒഴിവാക്കിയത്. 370ാം വകുപ്പ് എടുത്തു കളഞ്ഞതോടെ കശ്മിരില്‍ കശ്മിരികള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന 35 എ വകുപ്പും റദ്ദാക്കിയിരുന്നു.
കശ്മിരിലേക്ക് കുടിയേറ്റം തടയുകയും കശ്മിരികളുടെ ഭൂമി അവരുടേത് മാത്രമായി നിലനിര്‍ത്തുകയും ചെയ്യുന്നതിന് സഹായിക്കുന്നതായിരുന്നു 35 എയിലെ വകുപ്പുകള്‍. ജമ്മു കശ്മിര്‍ ഡെവലപ്‌മെന്റ് ആക്ട് ഭേദഗതി ചെയ്തതോടെ കശ്മിരിലേക്ക് വന്‍തോതില്‍ കുടിയേറ്റം നടത്താനും അതുവഴി കശ്മിരിലെ മുസ്‌ലിം ഭൂരിപക്ഷമെന്ന ജനസംഖ്യാ ഘടന അട്ടിമറിക്കാനും സംഘ്പരിവാറിന് കഴിയും.
അതോടൊപ്പം പ്രദേശത്തെ ഏതെങ്കിലും ഭൂമി തന്ത്രപ്രധാനമാണെന്ന് സൈന്യത്തിലെ കോര്‍പ് കമാന്‍ഡര്‍ തസ്ഥികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാറിന് റിപ്പോര്‍ട് നല്‍കിയാല്‍ ആ ഭൂമി സൈന്യത്തിന്റെ ആവശ്യത്തിന് വേണ്ടി മാത്രമായി മാറ്റിവയ്ക്കും. ഈ ഭൂമിയിലെ താമസക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഇതോടെ കഴിയും. അതിനായി ഈ പ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം ഉറപ്പാക്കുന്ന ജമ്മു കശ്മിര്‍ അലിയനേഷന്‍ ഓഫ് ലാന്‍ഡ് ആക്ട്, ബിഗ് ലാന്‍ഡഡ് എസ്റ്റേറ്റ് അബോര്‍ഷന്‍ ആക്ട് തുടങ്ങിയ നിയമങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
കൃഷി ഭൂമി കാര്‍ഷികേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ഭേദഗതിയാണ് ലാന്റ് റവന്യൂ ആക്ടില്‍ കൊണ്ടുവന്നത്. ഇതോടെ കുത്തകകള്‍ക്ക് കാര്‍ഷികേതര ആവശ്യത്തിന് കൃഷിഭൂമി കൈവശപ്പെടുത്തുന്നതിനുള്ള തടസവും നീങ്ങും. കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന കശ്മിരിലെ വലിയൊരു വിഭാഗത്തിനാണ് ഇത് തിരിച്ചടിയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."